തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് അജ്ഞാതവാഹനമിടിച്ച് മരിച്ച സംഭവത്തിൽ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു.
പ്രദീപിന്റെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേമം പോലീസ് കേസെടുത്തത്. പ്രദീപിനെ ഇടിച്ച വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രദീപിന് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിക്കാറുണ്ടായിരുന്നുവെന്നും വിദേശത്ത് നിന്നും ഭീഷണികൾ ഫോണിലൂടെയും മറ്റും വന്നിരുന്നുവെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും ബന്ധുക്കൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
പ്രദീപിനെ ഇടിച്ച വാഹനം ഏതാണെന്ന് കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ആർ.പ്രതാപൻ നായർ രാഷ്ട്രദീപികയോട് പറഞ്ഞു.
അപകടത്തിനുശേഷം നെയ്യാറ്റിൻകര ഭാഗത്തേക്കു പോയ വാഹനം ഇനിയും കണ്ടെത്താനായിട്ടില്ല. പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും വിവിധ രാഷ്ട്രീയ നേതാക്കളും മാധ്യമസംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു.
സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേരള പത്രപ്രവർത്തക യൂണിയൻ അടക്കമുളള സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ഇതേത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡിസിപി ഡോ. ദിവ്യ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് പാപ്പനംകോട് കാരയ്ക്കാമണ്ഡപത്തിന് സമീപം വച്ച് പ്രദീപിനെ അജ്ഞാതവാഹനമിടിച്ച് വീഴ്ത്തിയത്.
അപകടത്തിൽപ്പെട്ട പ്രദീപിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടിച്ച വാഹനം നിർത്താതെ പോയതും ആളൊഴിഞ്ഞ ഭാഗത്ത് അപകടമുണ്ടായതുമാണ് ദുരൂഹത സംശയിക്കാൻ കാരണം.
പ്രദീപിനെ ഇടിച്ചത് ടിപ്പർ ലോറിയാണെന്ന് പോലീസ് പറഞ്ഞു. ലോറിയുടെ മധ്യഭാഗം ഇടിച്ച് പ്രദീപ് റോഡിൽ വീഴുകയായിരുന്നു.
ലോറിയുടെ പിൻഭാഗം ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ടിപ്പർ ലോറിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ജയ്ഹിന്ദ്, കൈരളി, മംഗളം , മീഡിയ വണ്‍ ഉൾപ്പെടെയുള്ള ചാനലുകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ ഓണ്‍ലൈൻ ചാനലിൽ പ്രവർത്തിച്ച് വരികയായിരുന്നു.