പാറശാല: പിരിവ് നല്കാത്തതിന്റെ പേരിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ റിമാൻഡ് ചെയ്തു. ഇഞ്ചിവിള നടുത്തോട്ടം സ്വദേശി പ്രദീപിനെയാണ് റിമാൻഡ് ചെയ്തത്. കൂട്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി .
സംഭവത്തിൽ ഉൾപ്പെട്ടതെന്നു കരുതുന്ന കെ എൽ -19 -ജി -4922 നമ്പറിലുള്ള ഒാട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൂട്ടുപ്രതികൾ ഒളിവിലാണെന്നും ഉടൻ വലയിലാകുമെന്നും പോലീസ് പറഞ്ഞു. കൈരളി സ്വദേശി സെന്തി(റെജി)ലിനെയാണ് ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ പ്രദീപും സംഘവും ചേർന്ന് മർദിച്ച് അവശനാക്കിയ ശേഷം ഓട്ടോറിക്ഷ പുറത്തുകൂടെ കയറ്റി കൊല്ലാൻ ശ്രമിച്ചത്.
നാട്ടുകാർക്ക് പേടി സ്വപ്നമാണ് പ്രദീപും സംഘവും. പ്രദേശത്ത് അരി, തേങ്ങാ കച്ചവടം തുടങ്ങി എല്ലാമേഖലയിൽ ഉള്ളവരും ഇവർക്ക് പിരിവു നല്കിയില്ലെങ്കിൽ കച്ചവടം നടത്താൻ അനുവദിക്കില്ലെന്നു നാട്ടുകാർ പറയുന്നു.
മാസങ്ങൾക്കു മുൻപ് ഇവരുടെ നേതൃത്വത്തിൽ ഇഞ്ചിവിളയിൽ നടന്ന സംഘർഷത്തിൽ ആറുമാസത്തോളം പോലീസ് ഇവിടെ കാവൽ ഏർപ്പെടുത്തിയിരുന്നു. സംശയത്തിന്റെ പേരിലാണ് ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്തതെന്നും വാഹന ഉടമയെക്കുറിച്ചും സംഭവസമയത്തു വാഹനം ഓടിച്ചിരുന്ന ആളിനെക്കുറിച്ചും വിശദമായി അന്വേഷണം നടത്തിവരികയാണെന്നും ഉടൻ തന്നെ മറ്റു പ്രതികളെ പിടികൂടുമെന്നും പാറശ്ശാല സി ഐ പറഞ്ഞു .
ഇക്കഴിഞ്ഞ 31 നു രാത്രിയാണ് ചക്ക കച്ചവടം നടത്തുന്ന സെന്തിലിനെതിരെ ആക്രമണമുണ്ടായത്.
മർദിച്ച ശേഷം ബലമായി ഓട്ടോറിക്ഷയിൽ കയറ്റി മറ്റൊരു സ്ഥലത്ത് എത്തിച്ച ശേഷം ശരീരത്തിലൂടെ ഓട്ടോ കയറ്റിയിറക്കുകയായിരുന്നു. വാരിയെല്ലുകൾ തകർന്ന സെന്തിൽ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.