തിരുവനന്തപുരം: കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ വഴി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായ സ്വകാര്യ കാലാവസ്ഥാ നിരീക്ഷകൻ തമിഴ്നാട് വെതർമാൻ കേരളത്തിന് മുന്നറിയിപ്പുമായി രംഗത്ത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സംഭവിച്ചതുപോലെ ഈ മാസം ശരാശരിക്കും മുകളിൽ കേരളത്തിൽ മഴയുണ്ടാകുമെന്നാണ് തമിഴ്നാട് വെതർമാൻ എന്ന പേരിൽ അറിയപ്പെടുന്ന പ്രദീപ് ജോൺ മുന്നറിയിപ്പ് നൽകുന്നത്.
മാത്രമല്ല ഇന്നു മുതൽ ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ ജാഗ്രത വേണമെന്നും അദ്ദേഹം പറയുന്നു. ആഗസ്റ്റ് അഞ്ച് മുതൽ എട്ട് വരെയുള്ള നാല് ദിവസം ഈ ജില്ലകൾ അതീവ ജാഗ്രത പുലർത്തണം.
കേരളവും തമിഴ്നാടും അതിരിടുന്ന പശ്ചിമഘട്ട മേഖലയിൽ അതിശക്തമായ മഴ ഉണ്ടാകും. ഡാമുകൾ വേഗം നിറയുന്ന അവസ്ഥ വരും. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കേരളം, കർണാടക, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം. നിലമ്പൂർ, പീരുമേട്, തൊടുപുഴ, പൊന്മുടി, കുറ്റ്യാടി, കക്കയം, തരിയോട്, വൈത്തിരി, പടിഞ്ഞാറെത്തറ, കക്കി ഡാം, പെരിങ്ങൽക്കൂത്ത് ഡാം, ലോവർ ഷോളയാർ, നേര്യമംഗലം, പിറവം എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും തമിഴ്നാട് വെതർമാൻ അറിയിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉണ്ടായ അതേ സാഹചര്യത്തിലേക്കാണ് ഇത്തവണയും സംസ്ഥാനം കടക്കുന്നത്. ആഗസ്റ്റ് ഇരുപത് വരെയുള്ള ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ തുടർച്ചയായി ന്യൂനമർദ്ദം രൂപപ്പെടാനാണ് സാധ്യത. ഇതിനാൽ കേരളത്തിലും തമിഴ്നാട്ടിലും മഴ ശക്തിയാർജിക്കും- പ്രദീപ് ജോൺ സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു.