കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പ്സാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമിച്ച കേസിൽ ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാക്കും.
പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചത്.
മൊഴിമാറ്റി പറയാൻ ഫോണിലൂടെയും കത്തിലൂടെയും വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിനെതിരെയുള്ള കേസ്. ബേക്കൽ പോലീസിലാണ് വിപിൻ ലാൽ പരാതിപ്പെട്ടത്.
വിപിൻ ലാലിനെ കാണാൻ പ്രദീപ് വിപിന്റെ നാടായ ബേക്കലിലെത്തുകയും അമ്മാവന്റെ ജ്വല്ലറിയിലെത്തി അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഭീഷണിപ്പെടുത്തിയ വ്യക്തി പ്രദീപ് കുമാറാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.