സ്വന്തം ലേഖകൻ
കോഴിക്കോട്: അനുകരണ കലയിലൂടെ പ്രേക്ഷകമനസിൽ കൂടുകൂട്ടിയ അബിയുടെ വിയോഗം എറെ തളർത്തിയിരിക്കുകയാണ് കോഴിക്കോട്ടുകാരനും അബിയുടെ ഏറ്റവും അടുത്ത സുഹൃത്തുമായ കലാഭവൻ പ്രദീപ് ലാലിനെ. അബിയുടെ ആദ്യഷോ മുതൽ പ്രദീപ് ലാൽ ഇദ്ദേഹത്തോടൊപ്പമുണ്ട്. കോഴിക്കോട്ടുവന്നാൽ ആദ്യം പന്തീരാങ്കാവ് വള്ളിക്കുന്ന് സ്വദേശിയായ പ്രദീപ് ലാലിനെ വിളിക്കും. എന്നിട്ടാണ് മറ്റു പരിപാടികളുമായി മുന്നോട്ടുപോകുക.
ടാഗോർ സെന്റിനറി ഹാൾ ഏറെ ഇഷ്ടമായിരുന്നു അബിയ്ക്കെന്ന് പ്രദീപ് പറയുന്നു. ഏറ്റവും കൂടുതൽ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളത് ഇവിടെയാണ്. എപ്പോഴും ഈ ഹാളിനെ കുറിച്ച് സംസാരിക്കും. ‘ഇവിടെ പരിപാടി അവതരിപ്പിക്കുന്പോൾ ഒരു പ്രത്യേക സുഖമാണ്. ആളുകളുടെ പ്രതികരണം അതിലേറെ മികച്ചതും’. കോഴിക്കോട്ടെ കലാകാരൻമാരെ കുറിച്ചും ആസ്വാദകവൃന്ദങ്ങളെക്കുറിച്ചും വാതോരാതെ സംസാരിക്കുമായിരുന്ന അബി വലിയ മതവിശ്വാസികൂടിയായിരുന്നുവെന്ന് പ്രദീപ് പറയുന്നു.
ആർക്കുമുന്നിലും അവസരത്തിനായി നിൽക്കാതെ തന്റെ പരിപാടികൾ എങ്ങിനെ മികച്ചതാക്കാം എന്ന ചിന്തയായിരുന്നു അബിക്കെന്നും. കൊച്ചുകുട്ടികളോടുപോലും നിർദേശങ്ങൾ ചോദിക്കുകയും പരിപാടിയെ കുറിച്ച് അഭിപ്രായം ചോദിക്കുകയും ചെയ്യുമായിരുന്നു ഇദ്ദേഹം. ആറിന് കണ്ണൂർ പയ്യന്നൂരിൽ നടത്താനിരുന്ന സ്റ്റേഷ് ഷോയിൽ പങ്കെടുക്കാൻ വരുമെന്നറിയിച്ചിരുന്നു. അതിനിടെയാണ് മരണമുണ്ടായത്. എങ്ങിനെ ഒരു കലാപരിപാടി മുന്നോട്ടുകൊണ്ടുപോകാം എന്നത് പലരും പഠിക്കുന്നത് അബിയിൽ നിന്നാണ്. കൃത്യമായ പ്ലാനിംഗായിരുന്നു ഇത്തരം സ്റ്റേജ് ഷോകളിൽ അദ്ദേഹത്തിനുണ്ടായിരുന്നതെന്നും പ്രദീപ് ലാൽ ഓർമിക്കുന്നു.