ചെറായി : ചെറായി ബീച്ചിലേക്ക് പോകുംവഴി കായൽ തുടങ്ങുന്നതിനു മുന്പായി വലതുവശത്തുള്ള തട്ടുകടയിൽ കയറി ചായയും പലഹാരങ്ങളും ഇഷ്ടം പോലെ കഴിച്ചാലും പോക്കറ്റ് കാലിയാവില്ല.
ഇവിടെ നിന്നും രണ്ട് തരം പലഹാരവും ഒരു ചായയും കഴിക്കുന്നവർ വെറും 13 രൂപ മാത്രമെ നൽകേണ്ടതുള്ളു. ഇത്രയേറെ കുറഞ്ഞനിരക്കിൽ പലഹാരങ്ങളും ചായയും നൽകുന്ന കടകൾ നാട്ടിൽ വളരെ വിരളമാണ്.
സ്ഥലവാസിയായ കോലഞ്ചേരി പ്രദീപ് ആണ് ഈ തട്ടുകടയുടെ ഉടമസ്ഥൻ. പഴംപൊരി, സുഖിയൻ, പത്തിരി, ബോണ്ട തുടങ്ങിയവക്ക് നാട്ടിലും നഗരത്തിലും ഉള്ള കടകളിൽ ഏഴു രൂപ മുതൽ 12 രൂപ വരെ വാങ്ങുന്പോൾ പ്രദീപിന്റെ തട്ടുകയിൽ വെറും മൂന്നര രൂപയേ ഉള്ളു. 10 രൂപക്കും 12 രൂപക്കും വിൽക്കുന്ന പൊറോട്ടയാകട്ടെ പ്രദീപ് വിൽക്കുന്നത് വെറും ആറുരൂപക്കാണ്. മറ്റിടങ്ങളിൽ എട്ടു രൂപക്കും പത്തുരൂപക്കും ചായ വിൽക്കുന്പോൾ പ്രദീപിന്റെ കടയിൽ ചായക്ക് ആറു രൂപയാണ്. പലഹാരങ്ങൾക്ക് വിലക്കുറവാണെന്നുവച്ച് വലിപ്പക്കുറവും ഇല്ല. ഇതുമൂലം രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കുന്ന ഈ തട്ടുകടയിൽ വൻ തിരക്കാണ്.
വിവാഹങ്ങൾക്കും മറ്റാവശ്യങ്ങൾക്കും പാചകത്തിനായി പോയിരുന്ന പ്രദീപ് ആറു വർഷം മുന്പാണ് തട്ടുകട തുടങ്ങിയത്. അന്ന് പലഹാരങ്ങൾക്ക് വെറും ഒന്നര രൂപയായിരുന്നുവാങ്ങിയിരുന്നത്. സാധനങ്ങളുടെ വിലക്കയറ്റം മൂലം നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ പല ഘട്ടത്തിലായി വില കൂട്ടിയതിനെ തുടർന്നാണ് ഇപ്പോൾ മൂന്നര രൂപ വരെയായത്. പലഹാരങ്ങൾ വീട്ടിലാണ് ഉണ്ടാക്കുന്നത്. പൊരിക്കാൻ ഉപയോഗിക്കുന്ന എണ്ണ രണ്ട് ദിവസത്തിൽ കൂടുതൽ ഉപയോഗിക്കുന്നില്ലെന്നാണ് പ്രദീപ് പറയുന്നത്. കുടുംബം കഴിയാനുള്ള വക മാത്രമെ താൻ ഈ കച്ചവടത്തിൽ നിന്നു പ്രതീക്ഷിക്കുന്നുള്ളുവെന്നും പ്രദീപ് പറയുന്നു. ഭാര്യയാണ് സഹായി.