സൈക്കിളുമെടുത്ത് ഒറ്റയ്ക്ക് രാജ്യം ചുറ്റാന്‍ ഇറങ്ങിയപ്പോള്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശി പ്രദീപ് കുമാറിന് ഉറപ്പായിരുന്നു തന്റെ കൃത്രിമ കാലുകള്‍ ഇടറില്ലെന്ന്്. 75 ദിവസം മുന്‍പ് മധ്യപ്രദേശില്‍ നിന്ന് ആരംഭിച്ച യാത്ര ബുധനാഴ്ച തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പ്രദീപ് പിന്നിട്ട ദൂരം 3770 കിലോമീറ്റര്‍. ഇന്ത്യ മുഴുവന്‍ സൈക്കിളില്‍ സഞ്ചരിച്ച് റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുപത്തിയൊന്‍പതുകാരന്റെ യാത്ര. വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്കു സംഭവിച്ച അപകടമാണ് റോഡ് സുരക്ഷയുടെ പ്രചാരകനാകാന്‍ പ്രദീപിനെ പ്രചോദിപ്പിച്ചത്. 2013 ഓഗസ്റ്റിലാണ് പ്രദീപിന്റെ ജീവിതത്തെ മാറ്റിമറിച്ച അപകടം ഉണ്ടാകുന്നത്. സുഹൃത്തിനൊപ്പം ട്രെയിനില്‍ ക്ഷേത്രദര്‍ശനത്തിനായി പോയതായിരുന്നു അയാള്‍. സ്റ്റേഷന്‍ എത്താറായപ്പോള്‍ ഇറങ്ങാനുള്ളവര്‍ വാതിലിന് അരികിലെത്തി തിരക്കുകൂട്ടിയതോടെ ആകെയുണ്ടായിരുന്ന പിടി നഷ്ടമായി. ഓടുന്ന ട്രെയിനില്‍ നിന്ന് പ്രദീപ് ട്രാക്കിലേക്കു വീണു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ബോധം വീണപ്പോള്‍ വലതു കൈയില്‍ കണ്ടത് തന്റെ ഇടതു കാലാണ്.
കാലു തുന്നി ചേര്‍ക്കാന്‍ സാധിക്കില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. പകരം കൃത്രിമക്കാല്‍ വയ്ക്കാം എന്നു നിര്‍ദേശിച്ചതും അവരാണ്. കൃത്രിമക്കാല്‍ ഘടിപ്പിച്ച് ആദ്യമായി എഴുന്നേറ്റു നിന്നപ്പോള്‍ ഏക മകന്റെ വിധിയോര്‍ത്ത് അച്ഛന്‍ ശാന്തിലാലും അമ്മ കിരണും പൊട്ടിക്കരഞ്ഞു. അന്നു പ്രദീപ് അവര്‍ക്ക് ഒരു വാക്കു കൊടുത്തു, ‘ജീവിതം ജീവിക്കുകയല്ല, മറിച്ച് ആഘോഷമാക്കി മാറ്റും’ എന്ന്. ആ വാക്കു താന്‍ ഇന്നും പാലിക്കുന്നുണ്ടെന്നു പ്രദീപ് പറയുന്നു. വീട്ടില്‍ നിന്ന് സൈക്കിളുമായി ഇറങ്ങുന്നതിനു മുന്‍പു തന്നെ പ്രദീപിനു യാത്രയെക്കുറിച്ചും യാത്രയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചും വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ഇന്ത്യയില്‍ ഉയരേണ്ടത് ആശുപത്രികള്‍ അല്ല, മറിച്ച് ആരോഗ്യമുള്ള ജനങ്ങളാണ്. അതോടൊപ്പം റോഡുകളില്‍ ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി ജനങ്ങള്‍ക്കു ബോധവത്ക്കരണം നല്‍കുകയും വേണം. മനസു മടുക്കാതെ നമുക്കു മുന്നിലുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തിയാല്‍ ജീവിതം നമുക്കായ് അനവധി വാതിലുകള്‍ തുറന്നു തരും പ്രദീപ് പറഞ്ഞു.
പ്രദീപിന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല. എനിക്ക് ഇനിയും യാത്ര ചെയ്യണം. വിവിധ സ്ഥലങ്ങളും അവിടുത്തെ സംസ്‌കാരങ്ങളും അടുത്തറിയണം. ഒപ്പം രാജ്യത്തിനും ജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന സന്ദേശങ്ങള്‍ പങ്കുവയ്ക്കണം.ന്ധ ശുചിത്വ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നൊരു ഉദ്ദേശ്യം കൂടിയുണ്ട് പ്രദീപ് കുമാറിന്റെ ഈ യാത്രയ്ക്കു പിന്നില്‍. നിലവിലെ ഭിന്നശേഷിക്കാരുടെ സൈക്കിള്‍ യാത്ര ദൂരമായ 10000 കിലോമീറ്റര്‍ മറികടക്കണം എന്ന ആഗ്രഹവും അയാള്‍ക്കുണ്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആസാം, അരുണാചല്‍ പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച പ്രദീപ് ഇന്നു കന്യാകുമാരിയിലേക്കു തിരിക്കും. തിരുവനന്തപുരത്ത് എത്തിയ പ്രദീപ് ഇന്‍ഡസ് സൈക്കിളിംഗ് എംബസി അംഗങ്ങള്‍ക്കൊപ്പം സൈക്കിള്‍ യാത്രയും നടത്തി. ഭാരത് സര്‍ക്കാരിന്റെ റോഡ് സുരക്ഷ ബോധവത്കരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറും മധ്യപ്രദേശിലെ ഭിന്നശേഷിക്കാരുടെ സംഘടനയുടെ പ്രസിഡന്റും ആണ് പ്രദീപ് കുമാര്‍. ഹിന്ദിയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഞ്ച് സിനിമകളില്‍ അഭിനയിച്ച പ്രദീപ് ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.
അഞ്ജലി അനില്‍കുമാര്‍