തലശേരി: പൈതൃക നഗരിയിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ പുഞ്ചിരി തൂകി കൊണ്ട് സാന്നിധ്യമായി നിന്ന സിപിഐ നേതാവും യുവ അഭിഭാഷകനും തലശേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ. പ്രദീപ് പുതുക്കുടി (45) ഓർമയായി.
പ്രദീപ് പുതുക്കുടിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ പന്തക്കപ്പാറയിലെ വാതകശ്മശാനത്തിൽ സംസ്കരിച്ചു.
ഇന്നു രാവിലെ മുതൽ സിപിഐ തലശേരി മണ്ഡലം കമ്മിറ്റി ഓഫീസായ പുതിയ ബസ്സ്റ്റാൻഡിലെ എൻ.ഇ. ബാലറാം സ്മാരക മന്ദിരത്തിലും ജില്ലാ കോടതിയിലും എരുവട്ടി കാപ്പുമ്മലിലെ വീട്ടിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കളായ സത്യൻ മൊകേരി, പന്ന്യൻ രവീന്ദ്രൻ, എം. സുരേന്ദ്രൻ, എം.സി. പവിത്രൻ, പി. സന്തോഷ്, എം.വി. ജയരാജൻ, എൻ. ചന്ദ്രൻ, കെ.പി. മോഹനൻ, കെ.വി. സുമേഷ്, മഹേഷ് കക്കത്ത്, സി.ഒ. മുരളി, കെ. രാജൻ, സജീവ് മാറോളി, വി.എ. നാരായണൻ, എം.വി. അരവിന്ദാക്ഷൻ, പി. ഹരീന്ദ്രൻ, സി.കെ. രമേശൻ, സുശീൽ കുമാർ തിരുവങ്ങാട്, കെ.കെ. മാരാർ, അഡ്വ.കെ.എ ലത്തീഫ് തുടങ്ങിയവർ എത്തിയിരുന്നു.
പ്രദീപ് പുതുക്കുടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്നു രാവിലെ മുതൽ ഉച്ചവരെ തലശേരി നഗരസഭ പരിധിയിലും ന്യൂ മാഹി, പിണറായി പഞ്ചായത്തുകളിലും കടകളടച്ച് ഹർത്താൽ ആചരിച്ചു.
ഇന്നലെ രാവിലെ വീട്ടിൽനിന്ന് ബൈക്കിൽ വരുന്നതിനിടയിൽ കുയ്യാലി തയ്യിൽ സ്കൂൾ പരിസരത്ത് കുഴഞ്ഞുവീണ പ്രദീപിനെ ഉടൻ തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിറഞ്ഞ ചിരിയും തുറന്ന സംസാരവും കൊണ്ട് ഇടപഴകുന്നതിലെ പ്രത്യേകത കൊണ്ട് എല്ലാവർക്കും ഈ യുവ നേതാവ് പ്രിയങ്കരനായിരുന്നു. പുതുക്കുടി എന്ന ചുരുക്കപേരിലാണ് അടുത്തിടപഴകുന്നവർ പ്രദീപിനെ വിളിക്കാറുണ്ടായിരുന്നത്.
പാർട്ടി നേതൃപദവിയിൽ ഇരിക്കുമ്പോഴും അതിന്റെ തലക്കനമൊന്നും പ്രദീപിനുണ്ടായിരുന്നില്ല. സാമൂഹ്യ – സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന പ്രദീപ് വിദ്യാർഥി പ്രസ്ഥാനത്തിലുടെയാണ് പൊതു പ്രവർത്തന രംഗത്ത് കടന്നു വരുന്നത്.
എഐഎസ്എഫിന്റേയും എഐവൈഎഫിന്റേയും സംസ്ഥാന ഭാരവാഹി വരെയായി. സമരമുഖങ്ങളിലും മുൻനിരയിൽ പ്രദീപ് ഉണ്ടാകുമായിരുന്നു. സിപിഐയുടെ തലശേരി മണ്ഡലം സെക്രട്ടറിയായിരിക്കെ നഗരത്തിൽ സജീവ സാന്നിധ്യമായി.
പാർട്ടിയുടെ വിമർശകർക്കു പോലും പുതുക്കുടി അഭിമതനായിരുന്നു. ന്യൂ മാഹിയിൽ നിന്നാണ് തലശേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യസ്ഥിരം സമിതി ചെയർമാനായി ബ്ലോക്ക് പഞ്ചായത്തിലും തിളങ്ങി.
തിരക്കേറിയ രാഷ്ടിയ പ്രവർത്തനത്തിനിടയിൽ നിയമം പഠിച്ച് അഭിഭാഷകനുമായി. മൂന്നു വർഷം മുന്പാണ് തലശേരി ബാറിൽ പ്രാക്ടിസ് തുടങ്ങിയത്. ഭാര്യ രജിത തോട്ടുമ്മൽ വനിതാ സഹകരണ സംഘം ജീവനക്കാരിയാണ്. ഏകമകൻ: ഋഷിനാഥ്.