കോട്ടയം: നിരവധി സ്ത്രീകളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന യുവാവിനെ പോലീസ് പിടികൂടി. അരീപ്പറന്പ് തോട്ടപ്പള്ളിൽ പ്രദീഷ് കുമാറാ(ഹരി-25)ണ് അറസ്റ്റിലായത്. അന്‍പതിലധികം സ്ത്രീകളെ പലതരത്തിൽ വശീകരിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഒരു വീട്ടമ്മ ജില്ലാ പോലീസ് ചീഫിനു നൽകിയ പരാതിയെത്തുടർന്ന് ഇയാളെ നിരീക്ഷിച്ച പോലീസ് ഇയാളുടെ ലാപ് ടോപ്പും കാമറയും മൊബൈൽ ഫോണും പിടിച്ചെടുത്തു.
സ്ത്രീകളെ വളരെ യാദൃച്ഛികമായി പരിചയപ്പെടും. തുടർന്ന് ഫോണ്‍ നന്പർ കരസ്ഥമാക്കി അവരുടെ കുടുംബപ്രശ്നങ്ങൾ തന്ത്രപൂർവം മനസിലാക്കുന്നതാണ് ഇയാളുടെ രീതി. പിന്നീട് അവരുടെ ഭർത്താക്കന്മാർക്കു മറ്റു സ്ത്രീകളുമായി അവിഹിതബന്ധം ഉണ്ടെന്നു തെറ്റിദ്ധരിപ്പിക്കാനായി സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് അവരുടെ ഭർത്താക്കന്മാരുമായി ചാറ്റ് ചെയ്യും.
ഈ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ ഭാര്യമാർക്ക് അയച്ചു കൊടുത്ത് അവരെ തെറ്റിദ്ധരിപ്പിക്കും. ഭർത്താക്കന്മാർ തങ്ങളോട് അവിശ്വസ്തത കാണിക്കുന്നുണ്ടെന്നു തെറ്റിദ്ധരിക്കുന്ന സ്ത്രീകളെ ഇയാൾ എളുപ്പത്തിൽ വീഴിക്കും.
ഇതുവഴി സ്ത്രീകളുമായുള്ള അടുപ്പം ഇയാൾ ദൃഢമാക്കും. ബന്ധം ശക്തമാകുന്നതോടെ ഇയാൾ വീഡിയോ ചാറ്റിനു കുടുംബിനികളെ ക്ഷണിക്കും. തന്ത്രപൂർവം ഫോട്ടോകൾ സ്വന്തമാക്കുകയും ചെയ്യും. ഈ ഫോട്ടോകൾ പിന്നീടു ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്ത് ഇയാൾ നഗ്നചിത്രങ്ങളാക്കും. ഈ ചിത്രങ്ങൾ ഭർത്താവിനും ബന്ധുക്കൾക്കും അയച്ചു നൽകുമെന്നും കുടുംബം തകർക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാൾ പല സ്ത്രീകളെയും വലയിലാക്കിയിരുന്നത്.
എപ്പോൾ ആവശ്യപ്പെട്ടാലും പറയുന്ന സ്ഥലത്തെത്തണമെന്നാണ് ഇയാൾ സ്ത്രീകൾക്കു നൽകിയിരുന്ന കർശന നിർദേശം. വാട്ട്സ് ആപ് ചാറ്റിംഗിൽ ഇരകളെ തിരിച്ചറിയാനും അവരുടെ പേരിൽ മറ്റാരും തന്നെ കബളിപ്പിക്കാതിരിക്കാനും ഇരകൾക്ക് ഇയാൾ പ്രത്യേക കോഡുകളും കൈമാറിയിരുന്നു.
ഇരകളുമായി ചാറ്റിംഗ് തുടങ്ങുന്നതിനു മുന്‍പ് അവർ തന്നെയാണു ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പിക്കാൻ ഇയാൾ ഓരോരുത്തർക്കും നൽകിയിട്ടുള്ള പ്രത്യേക കോഡ് ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. അതുപോലെ വാട്സ്ആപ്പിലെ ചാറ്റുകൾ ഓരോ ദിവസവും ക്ലിയർ ചെയ്ത് അതിന്റെ സ്ക്രീൻ ഷോട്ടുകൾ അയയ്ക്കാനും നിർബന്ധിച്ചിരുന്നു.
ഇരകൾ സഞ്ചരിക്കുന്ന വഴികളിൽ പലപ്പോഴും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് അരയിൽ തിരുകിവച്ചിരിക്കുന്ന കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിലോ കാറിലോ വിളിച്ചു കയറ്റിക്കൊണ്ടു പോകുന്നതും ഇയാളുടെ ഹോബിയായിരുന്നു.
ഇയാളുടെ ലാപ് ടോപ്പിൽ നിരവധി സ്ത്രീകളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്തത് പല ഫോൾഡറുകളിലായി സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ജില്ലാ പോലിസ് ചീഫ് ഹരിശങ്കറിന്റെ നിർദേശത്തെത്തുടർന്നു കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാർ, എഎസ്ഐ ഉദയകുമാർ, മുരളീ മോഹനൻ നായർ, കെ.ആർ. പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ആർ. അരുണ്‍ കുമാർ, രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഏറ്റുമാനൂർ സിഐ മഞ്ജുലാൽ കേസ് രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണം ആരംഭിച്ചു.