കടുത്തുരുത്തി: ഭാര്യയ്ക്കു സർക്കാർ ജോലി ലഭിച്ചത് സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്നതിനിടെ പോലീസിനെ കണ്ട് ഓടിയ യുവാവ് തോട്ടിൽ വീണു മരിച്ചു.
എഴുമാന്തുരുത്ത് കുന്നുമേൽകാവിൽ പ്രദീഷ് ദയാനന്ദ (38)നാണു മരിച്ചത്. കോതമംഗലത്തെ ഹോട്ടലിൽ ഷെഫായിരുന്നു പ്രദീഷ്. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം.
പ്രദീഷിന്റെ ഭാര്യ ഷൈമയ്ക്കു മൂന്നാഴ്ച മുന്പാണ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ജോലി ലഭിച്ചത്. ഇത് ആഘോഷിക്കാനായിട്ടാണ് പ്രദീഷും സുഹൃത്തുക്കളായ മറ്റ് ആറു പേരും രാത്രി പത്തോടെ അകത്താംതറ പാലത്തിൽ ഒത്തുചേർന്നത്.
ഇതിനിടെ, നാട്ടുകാരിലാരോ തിരുവനന്തപുരത്തു പോലീസിന്റെ കണ്ട്രോൾ റൂമിലേക്കു വിളിച്ചു പരാതി പറഞ്ഞു. അവിടെനിന്നുള്ള അറിയിപ്പു പ്രകാരം കടുത്തുരുത്തി പോലീസ് അകത്താംതറ പാലത്തിലെത്തി.
പോലീസിനെ കണ്ടതോടെ സംഘാംഗങ്ങൾ പലവഴി ഓടി. ഓട്ടത്തിനിടെ തോട്ടിലേക്കു ചാടിയ ഒരാളെ പോലീസുകാർ രക്ഷിച്ചു വീട്ടിലെത്തിക്കുകയും ചെയ്തു.
പോലീസ് മടങ്ങിയ ശേഷം ഓടിയ കൂട്ടുകാർ വീണ്ടും പാലത്തിൽ സംഗമിച്ചു. അപ്പോഴാണ് പ്രദീഷിനെ കാണാനില്ലെന്നതു മനസിലാകുന്നത്.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് പന്ത്രണ്ടോടെ അല്പം ദൂരെയായി മോട്ടോർപുരയുടെ സമീപത്ത് തോട്ടിൽ വീണു കിടക്കുന്ന പ്രദീഷിനെ കണ്ടെത്തിയത്.
ഉടൻതന്നെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
ആക്ഷേപം ഉണ്ടാകാതിരിക്കാൻ സയന്റിഫിക് പരിശോധനകളും മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തിയ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തത്.
രാധാമണിയാണ് പ്രദീഷിന്റെ അമ്മ. ദേവാനന്ദ, ബിയാൻ എന്നിവരാണ് മക്കൾ. സംസ്കാരം നടത്തി.