കൊച്ചി: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ തന്നെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ആരോഗ്യപ്രവര്‍ത്തക നല്കിയ പരാതി വ്യാജമാണെന്ന് കണ്ടെത്തിയെന്നും ഇവര്‍ക്കെതിരേ കേസെടുക്കുമെന്നും പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.
ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ബെഞ്ച് നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
മാധ്യമങ്ങള്‍ കേസ് സെന്‍സേഷണലാക്കിയത് കോവിഡ് കാലത്ത് രാപകല്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന നടപടിയായിപ്പോയെന്ന് സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കള്ളപ്പരാതി നല്‍കിയതെന്ന് ആരോഗ്യപ്രവര്‍ത്തക നല്കിയ സത്യവാങ്മൂലവും പ്രതി ഹര്‍ജിക്കൊപ്പം ഹാജരാക്കിയിരുന്നു.
തുടര്‍ന്ന് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
ഇതനുസരിച്ചു നല്കിയ റിപ്പോര്‍ട്ടിലാണ് പരാതി വ്യാജമാണെന്ന് പറയുന്നത്. ഇതു കോടതി രേഖപ്പെടുത്തി.
ആരോഗ്യപ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്ന് 2020 സെപ്റ്റംബര്‍ ഏഴിന് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. 77 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ജാമ്യം ലഭിച്ചത്.