വടകര: വീട് നിര്‍മിക്കാന്‍ ധനസഹായം നല്കുന്ന പദ്ധതിയായ പ്രധാന മന്ത്രി ആവാസ് യോജന (പിഎംഎവൈ) വീടില്ലാത്ത പാവങ്ങള്‍ക്കൊരു പ്രയോജനവുമില്ലാത്ത അവസ്ഥയിലായെന്ന് ആക്ഷേപം. രണ്ടു വര്‍ഷമായി വീട് നിര്‍മാണത്തിന് ഒരു സഹായവും അനുവദിച്ചിട്ടില്ലെന്നാണ് വിമര്‍ശനം.
നേരത്ത ഇന്ദിര ആവാസ് യോജന (ഐഎവൈ) എന്ന പേരിലറിയപ്പെട്ട പദ്ധതി പ്രകാരം വീടില്ലാത്തവരെ ഗ്രാമസഭ കണ്ടെത്തി കേന്ദ്ര സര്‍ക്കാര്‍ , സംസ്ഥാന സര്‍ക്കാര്‍, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫണ്ടുകളും ചേര്‍ത്തു വീടിനുള്ള ധനസഹായം നല്‍കുകയായിരുന്നു ചെയ്തിരുന്നത്. ഇതനുസരിച്ചു വീടില്ലാത്തവരെ ഓരോ ഗ്രാമ പഞ്ചായത്തിലും എളുപ്പത്തില്‍ കണ്ടെത്താനും വളരെ വേഗം വീട് നിര്‍മിക്കാനും കഴിഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഗുണഭോക്താക്കളെ ഗ്രാമസഭയിലൂടെ നേരിട്ട് കണ്ടെത്തുന്നതിന് പകരം 2011-ല്‍ നടന്ന സാമൂഹിക സാമ്പത്തിക സര്‍വേ അടിസ്ഥാനമാക്കി തയാറാക്കുന്ന ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൈമാറുകയും വീട് നല്‍കുകയുമാണ് ചെയ്യുന്നത്.
ഇന്ദിരാ ആവാസ് യോജന പദ്ധതി അനുസരിച്ചു വടകര ബ്ലോക്ക് പഞ്ചായത്തില്‍ 100 മുതല്‍ 300 വരെ വീടുകള്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പിഎംഎവൈ പദ്ധതി പ്രകാരം വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് വീട് നല്‍കിയിട്ടുള്ളത്.
2016-ല്‍ ആരംഭിച്ച പിഎംഎവൈ ഭവന പദ്ധതിയിലൂടെ വടകര ബ്ലോക്കില്‍ പത്തും 2017-18ല്‍ ഒമ്പതും വീതം മാത്രമേ ധനസഹായം അനുവദിക്കാന്‍ സാധിച്ചിട്ടുള്ളൂ.
ഇതിന് ശേഷം 2018-19ലും, 2019-20ലും ഒരാള്‍ക്ക് പോലും സഹായം നല്‍കിയിട്ടുമില്ല. ഇങ്ങനെയൊരവസ്ഥ ഇന്ദിരാ ആവാസ് യോജനയുടെ കാലത്ത് ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടുന്നു.
ലോകസഭാ ഇലക്ഷന് മുന്നോടിയായി 2019 മാര്‍ച്ച് ഏഴു വരെ കേന്ദ്ര സര്‍ക്കാര്‍ ‘ആവാസ് പ്ലസ്’ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കുകയും വീടില്ലാത്തവരില്‍ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതുപ്രകാരം കേരളത്തില്‍ ആകെ മൂന്ന് ലക്ഷത്തി പതിനൊന്നായിരത്തോളം പേര് വീടിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വടകര ബ്ലോക്ക് പഞ്ചായത്തില്‍ തന്നെ 711 പേര് ആവാസ് പ്ലസ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്രയും ആളുകള്‍ ധനസഹായം ലഭിക്കാതെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍ കയറിയിറങ്ങുമ്പോഴാണ് രണ്ടു വര്‍ഷമായി പിഎംഎവൈ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ വീട് നിര്‍മിക്കാന്‍ സഹായം നല്‍കാത്ത അവസ്ഥ.
ആവാസ് പ്ലസ്’ പ്രകാരം രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ വടകര ബ്ലോക്കോഫീസില്‍ നിരന്തരം വരുന്നത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് കെ. മുരളീധരന് എംപി മുഖാന്തിരം കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്രസിംഗ് തോമര്‍ക്ക് നിവേദനം സമര്‍പിച്ചു.
എന്നാല്‍ നിലവിലുള്ള ലിസ്റ്റിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വീട് നല്കിയ ശേഷം മാത്രമേ പുതുതായി ഉണ്ടാക്കിയ ലിസ്റ്റില്‍ നിന്നു ഗുണഭോക്താക്കളെ പരിഗണിക്കാന്‍ കഴിയുകയുള്ളൂ എന്ന മറുപടിയാണ് കേന്ദ്ര മന്ത്രി നല്‍കിയിരിക്കുന്നത്.
ലിസ്റ്റിലെ അനര്‍ഹരെ ഒഴിവാക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഈ സമീപനം മൂലം പാവങ്ങള്‍ക്ക് വീട് നല്‍കുന്നതിന് ബ്ലോക്ക് പഞ്ചായത്തുകള്‍ വളരെയധികം പ്രയാസപ്പെടുകയാണ്.
ബ്ലോക്ക് പഞ്ചായത്തിന് ഓരോ വര്‍ഷവും ലഭിക്കുന്ന പദ്ധതി വിഹിതത്തില്‍ നിന്ന് വീട് നിര്‍മാണ ധനസഹായം നല്കുന്ന പദ്ധതി ആവിഷ്ക്കരിക്കുന്നതിന് നിലവിലുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരം സാധിക്കുന്നുമില്ലെന്നു പറയുന്നു.