ബാക്കു (അസർബൈജാൻ): രമേഷ്ബാബു പ്രഗ്നാനന്ദാ, ലോകകപ്പ് ഫൈനലിൽ നീ തോറ്റെങ്കിലും ഇന്ത്യക്ക് നീയേ ചെസ് രാജ… അതെ, 2023 ഫിഡെ ലോകകപ്പ് ചെസ് ചാന്പ്യൻഷിപ്പിൽ ലോക ഒന്നാം നന്പർ താരമായ നോർവെയുടെ മാഗ്നസ് കാൾസണോട് പൊരുതിയാണ് പതിനെട്ട് വയസ് മാത്രമുള്ള പ്രഗ്നാനന്ദയുടെ തോൽവി.
ഫൈനലിലെ ആദ്യ രണ്ട് മത്സരങ്ങളിലും കാൾസണെ സമനിലയിൽ തളച്ച പ്രഗ്നാനന്ദയ്ക്ക് മൂന്നാം ഗെയിമിൽ ചുവടിടറി. റാപ്പിഡ് ചെസിന്റെ രാജാവായ മാഗ്നസ് കാൾസണ് ടൈബ്രേക്കറിലെ രണ്ട് മത്സരത്തിലും ജയം സ്വന്തമാക്കി. ഫൈനലിലെ ആദ്യ രണ്ട് ഗെയിമും സമനിലയിൽ കലാശിച്ചതോടെയാണ് ടൈബ്രേക്കർ അരങ്ങേറിയത്.
10 മിനിറ്റ് മാത്രം ഒരു കളിക്കാരന് അനുവദിക്കുന്ന റാപ്പിഡ് ഗെയിമിലെ രണ്ട് ഗെയിമിലും പ്രഗ്നാനന്ദയെ കാൾസണ് കീഴടക്കി. റാപ്പിഡ് ഗെയിമിന്റെ രാജാവായ കാൾസന്റെ പരിചയ സന്പത്തിനു മുന്നിലാണ് പ്രഗ്നാനന്ദയ്ക്ക് അടിയറവു വയ്ക്കേണ്ടിവന്നത്.
കാൾസന്റെ കന്നിക്കിരീടം
മുപ്പത്തിരണ്ടുകാരനായ കാൾസണ് ലോകകപ്പ് ചെസ് ചാന്പ്യനാകുന്നത് ഇതാദ്യമാണ്. അഞ്ച് തവണ ലോക ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയ താരമാണ് കാൾസണ്.
2023 ചെസ് ലോകകപ്പിന്റെ ഫൈനലിൽ 2.5-1.5 എന്ന സ്കോറിനാണ് കാൾസണ് ഇന്ത്യയുടെ കൗമാരക്കാരനായ പ്രഗ്നാനന്ദയെ കീഴടക്കിയത്. ലോക റാങ്കിംഗിൽ 31-ാം സ്ഥാനക്കാരനാണ് പ്രഗ്നാനന്ദ, കാൾസണ് ഒന്നാമനും.
21 വർഷത്തിനുശേഷം
നീണ്ട 21 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യക്കാരൻ ഫിഡെ പുരുഷ ലോകകപ്പ് ചെസ് ഫൈനലിൽ പ്രവേശിച്ചത്. 2022ൽ വിശ്വനാഥൻ ആനന്ദായിരുന്നു അവസാനമായി ലോകകപ്പ് ചെസ് ഫൈനൽ കളിച്ച ഇന്ത്യക്കാരൻ.
2000, 2002 വർഷങ്ങളിൽ ആനന്ദായിരുന്നു ചാന്പ്യനും. 2023ൽ ലോകകപ്പ് ചെസ് ഫൈനലിൽ പ്രവേശിച്ചതോടെ ആനന്ദിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമൻ എന്ന ചരിത്രവും ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദ സ്വന്തമാക്കിയിരുന്നു.
ഇനി കാൻഡിഡേറ്റ്
2023 ഫിഡെ ലോകകപ്പ് ചെസ് ഫൈനലിൽ പ്രവേശിച്ചതോടെ 2024 കാൻഡിഡേറ്റ് ടൂർണമെന്റിനും പ്രഗ്നാനന്ദ യോഗ്യത നേടി. നിലവിലെ ലോക ചെസ് ചാന്പ്യന്റെ എതിരാളി ആരാണെന്ന് നിശ്ചയിക്കുന്ന പോരാട്ടമാണ് കാൻഡിഡേറ്റ് പോരാട്ടം.
2022 ലോക ചെസ് ചാന്പ്യൻ ചൈനയുടെ ഡിങ് ലിറെനാണ്. ലോകകപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കാണ് ലോക ചാന്പ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ് പോരാട്ടത്തിനു യോഗ്യത ലഭിക്കുക.
2023 ലോകകപ്പ് ജേതാവായ കാൾസണ്, 2024 കാൻഡിഡേറ്റ് പോരാട്ടത്തിൽനിന്ന് പിന്മാറി. അതോടെ മൂന്നാം സ്ഥാനക്കാരനായ ഫാബിയാനൊ കരുവാനയ്ക്കൊപ്പം നാലാം സ്ഥാനക്കാരനായ അസർബൈജാന്റെ നിജാത് അബസോവും 2024 കാൻഡിഡേറ്റ് ചെസിൽ മത്സരിക്കും.