തിരുവനന്തപുരം: ലോക ചാന്പ്യനാകുക എന്നത് ഏതൊരു കളിക്കാരന്റെയും സ്വപനമാണ്. ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിനാണ് തന്റെ ശ്രമമെന്നും അതിനുവേണ്ടിയുള്ള പരിശീലനത്തിലാണ് താനെന്നും ഇന്ത്യൻ ചെസിലെ പുതിയ താരോദയമായ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ പറഞ്ഞു.
രാജ്യാന്തര ചെസ് ഫെസ്റ്റിവലിൽ നിഹാൽ സരിനുമായുള്ള മത്സരത്തിനു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇനിയും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും തന്റെ കളി മികച്ചതാക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിൽ നടക്കാനിരിക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റാണ് അടുത്ത ലക്ഷ്യമെന്നും അതിനായുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ തന്റെ സഹോദരി ആർ. വൈശാലിയും വനിതാ വിഭാഗത്തിൽ ഈ ടൂർണമെന്റിൽ മത്സരിക്കുമെന്നുണ്ട്.
ഈ വർഷത്തെ ചെസ് വേൾഡ് കപ്പിൽ ഫൈനലിലെത്തിയ പ്രഗ്നാനന്ദ ലോക ചാന്പ്യനായ മാഗ്നസ് കാൾസനുമായാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. വിശ്വനാഥൻ ആനന്ദിനുശേഷം ഫൈനലിലെത്തുന്ന ഇന്ത്യക്കാരനാണ് ആർ. പ്രഗ്യാനന്ദ.