സ്റ്റാവഞ്ചർ (നോർവെ): ഒന്നിനു പുറകേ മറ്റൊന്നായി അട്ടിമറികളുടെ ഘോഷയാത്രയുമായി ഇന്ത്യൻ ചെസ് കൗമാര സൂപ്പർ താരം ആർ. പ്രഗ്നാനന്ദ.
നോർവെ ചെസ് ടൂർണമെന്റിൽ ലോക ഒന്നാം നന്പറായ മാഗ്നസ് കാൾസനെയും രണ്ടാം നന്പറായ ഫാബിയാനൊ കരുവാനയെയും അട്ടിമറിച്ച പ്രഗ്നാനന്ദ, നിലവിലെ ലോക ചാന്പ്യനായ ഡിങ് ലിറെനെയും വീഴ്ത്തി. സ്വപ്നതുല്യമായ ജൈത്രയാത്രയാണ് ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദ നോർവെയിൽ നടത്തുന്നത്.
ഡിങ് ലിറെൻ ഈ ടൂർണമെന്റിൽ തീർത്തും മോശം ഫോമിലാണെന്നതും ശ്രദ്ധേയം. പ്രഗ്നാനന്ദയ്ക്കെതിരേ സമനിലയെങ്കിലും നേടാമെന്ന പ്രതീക്ഷയിലായിരുന്നു ഡിങ് ലിറെൻ. തുടർച്ചയായ അഞ്ച് തോൽവിയാണ് ഇതോടെ ലോക ചാന്പ്യന്റെ നോർവെ സന്പാദ്യം.
11 പോയിന്റുമായി പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്താണ്. 13 പോയിന്റുമായി നോർവെയുടെ കാൾസനും 12.5 പോയിന്റുമായി അമേരിക്കയുടെ ഹികാരു നാകാമുറയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
വനിതാ വിഭാഗത്തിൽ പ്രഗ്നാനന്ദയുടെ സഹോദരിയായ ആർ. വൈശാലി മറ്റൊരു ഇന്ത്യൻ താരമായ കൊനേരു ഹംപിയോട് പരാജയപ്പെട്ടു. ഇതോടെ വൈശാലി 10 പോയിന്റുമായി മൂന്നാം സ്ഥാനത്തായി. യുക്രെയ്ൻ താരമായ അന്ന മുസിചുക് (12 പോയിന്റ്), ചൈനയുടെ ജു വെൻജുൻ (11.5) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.