കോയന്പത്തൂർ: നാട്ടിലേക്ക് പോകാൻ വഴിയില്ലാതെ വിഷമിച്ച ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും സിങ്കാനല്ലൂർ പോലീസും ആത്മ ട്രസ്റ്റും ചേർന്ന് നാട്ടിലെത്തിച്ചു.
അവിനാശിപ്പാളയം വിഘ്നേശ്വരനും (32) ഭാര്യ മഞ്ജുള(28 )യ്ക്കുമാണ് സിങ്കാനല്ലൂർ പോലീസ് രക്ഷകരായത്. ഒൻപതു മാസം ഗർഭിണിയായ യുവതിയും, ഭർത്താവും കഴിഞ്ഞ 24നാണ് പരിശോധനയ്ക്കായി കോയന്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു വന്നത്. പരിശോധന കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് പോകാൻ ലോക്ക് ഡൗണ്‍ മൂലം ബസുകളും വാഹനങ്ങളുമില്ലാത്തതിനാൽ സാധിച്ചില്ല.
ഇതേ തുടർന്ന് ഇരുവരും നാട്ടിലേക്കു നടന്നു പോകാൻ തീരുമാനിക്കുകയായിരുന്നു. 26ന് ഇരുവരും കോയന്പത്തൂർ ട്രിച്ചി റോഡ് വഴിയാത്ര ആരംഭിച്ചു. സിങ്കാനല്ലൂരിലെത്തിയപ്പോൾ ഇവർ വരുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് എസ്.ഐ.കതിരവൻ, കോണ്‍സ്റ്റബിൾ പുനിതവതി എന്നിവർ വിവരമന്വേഷിച്ചപ്പോഴാണ് നാട്ടിലേക്ക് നടന്നു പോകുന്ന വിവരം പറഞ്ഞത്.
ഇവർ ഇൻസ്പെക്ടർ മുനീശ്വരനെ വിവരമറിയിക്കുകയും അദ്ദേഹം ആത്മ ട്രസ്റ്റ് സ്ഥാപകൻ ശരവണന്റെ സഹായത്തോടെ ഇരുവരെയും നാട്ടിലെത്തിക്കാൻ ആംബുലൻസ് ഏർപ്പാട് ചെയ്യുകയുമായിരുന്നു. തുടർന്ന് ഇരുവരും സുരക്ഷിതരായി നാട്ടിലെത്തിച്ചേർന്നു.