എം. രാജീവൻ
കൂത്തുപറമ്പ്: ചെറിയൊരു പൈപ്പിലൂടെ പ്രഹ്ലാദൻ ഒന്ന് ഊതിയാൽ വീട്ടിലെ ഫാനുകളൊക്കെ കറങ്ങിത്തുടങ്ങും. റേഡിയോയും ടി വിയുമൊക്കെ സംഗീതമുതിർക്കും. വീട്ടിലെ മുഴുവൻ വൈദ്യുതി ഉപകരണങ്ങളും ഇങ്ങനെ പ്രവർത്തിക്കും. ഇത് പെരളശേരിയിലെ പി.കെ. പ്രഹ്ലാദന്റെ ആദ്യത്തെ കണ്ടുപിടിത്തമൊന്നുമല്ല . വെള്ളം ചീറ്റുന്ന പെരുന്തച്ചൻ പാവ, മൊബൈൽ ഫോൺ കൺട്രോളർ ആയി ഉപയോഗിച്ച് വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്ന ത്രിവേണി യന്ത്രം…ഇങ്ങനെ പോകുന്നു പ്രഹ്ലാദന്റെ കണ്ടുപിടിത്തങ്ങൾ.
ഏറ്റവും ഒടുവിലായി വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ നിർമിച്ച എയർ ബോക്സിന്റെ കണ്ടുപിടിത്തത്തിലുമുണ്ട് പ്രഹ്ലാദന് പറയാൻ ഒരു പിന്നാമ്പുറ രഹസ്യം. വിവാഹ സമ്മാനമായി നല്കാൻ വേറിട്ടൊരു ഉപഹാരം നിർമിച്ചു നല്കണമെന്ന സുഹൃത്തിന്റെ ആവശ്യമാണ് എയർ ബോക്സിന്റെ നിർമാണത്തിന് പിന്നില്ലെന്ന് പ്രഹ്ലാദൻ പറയുന്നു. പ്ലൈവുഡ്, പൈപ്പ്, ബലൂൺ, റഗുലേറ്റർ എന്നിവയാണ് ഇതിന്റെ നിർമാണത്തിന് ആവശ്യം.
ബലൂൺ ആണ് ഇതിന്റെ മർമ്മം. ബലൂണിലേക്ക് പൈപ്പ് വഴി ഊതി കാറ്റ് കടത്തിവിടുന്നതിലൂടെയുള്ള സമ്മർദ്ദത്തിലൂടെ വൈദ്യുതി കണക്ഷൻ ലഭ്യമാവുകയും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പ്രവർത്തിച്ചു തുടങ്ങുകയുമാണ് ചെയ്യുന്നത്.രണ്ടു മാസമെടുത്തു ഇത് നിർമിക്കാൻ. പത്താം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള പ്രഹ്ലാദൻ ഇലക്ട്രോണിക്സ് വിദ്യകളൊക്കെ കണ്ടും കേട്ടും മാത്രം പഠിച്ചതാണ്.
ചിരട്ട, മരം എന്നിവ കൊണ്ട് വിവിധ ഇനം ശില്പങ്ങളും പ്രഹ്ലാദൻ നിർമ്മിക്കുന്നുണ്ട്.വാതിൽ തുറക്കുമ്പോൾ അലാറം മുഴക്കുന്ന യന്ത്രം ഉണ്ടാക്കുന്നതിന്റെ പണിപ്പുരയിലാണ് കഴിഞ്ഞ 25 വർഷമായി ഫർണിച്ചർ ജോലി ചെയ്തുവരുന്ന 52 കാരനായ പ്രഹ്ലാദൻ. ഈ കാര്യങ്ങൾക്കൊക്കെ പൂർണ പിന്തുണയുമായി ഭാര്യ സ്മിതയും ഏകമകൾ പ്രത്യൂഷയുമുണ്ട്പ്രഹ്ലാദന് കൂട്ടായി.