കോട്ടയം: കൊറോണ പേടിമൂലം രക്തബന്ധത്തിലുള്ളവർപോലും നാടിന്റെ സുരക്ഷ തേടിയെത്തുന്ന പ്രവാസികളെ ആട്ടിപ്പായിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ എന്നിവർക്കൊക്കെ സർക്കാർ, വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശിച്ചിരിക്കുന്നത്.
എന്നാൽ ഉറ്റവരും ഉടയവരും പോലും കൊറോണ പേടിയിൽ ഇവരെ കൈ ഒഴിയുമ്പോൾ ജില്ലാ ഭരണകൂടങ്ങൾ പുതിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
എല്ലാവർക്കും സ്ഥാപന ക്വാറന്റൈൻ സൗകര്യം ലഭ്യമല്ലാത്തതിനാൽ പല സ്ഥലങ്ങളിലും അധികൃതർ വീട്ടുകാരെ നിര്ബന്ധിച്ചാണ് പലർക്കും ക്വാറന്റൈനിൽ കഴിയാനുള്ള സാഹചര്യം ഒരുക്കുന്നത്.
അടുത്തിടെ നാട്ടിൽ തിരിച്ചെത്തിയ പ്രായമായ ദമ്പതികളുടെ ദുരവസ്ഥ ഏറെ ചർച്ചയായിരുന്നു. വിദേശത്തുനിന്നും മടങ്ങിയെത്തിയ എൺപത് വയസിനു മുകളിൽ പ്രായമുള്ള ഇവരെ മകൻ വീട്ടിൽ കയറ്റിയില്ല.
കൊറോണ പേടി തന്നെയായിരുന്നു കാരണം. 75 വയസിനു മുകളിലുള്ളവർ വീടുകളിൽ കഴിയാനാണ് സംസ്ഥാനത്തെ കോവിഡ് ചട്ടം പറയുന്നത്.
എന്നാൽ ജില്ലാ ഭരണകൂടം ഇടപെട്ടിട്ടുപോലും ഇരുവരെയും വീട്ടിൽ കയറ്റാൻ മകൻ കൂട്ടാക്കിയില്ല. ഇതോടെ ഇവരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.
വൃദ്ധദമ്പതികളിൽ ഭർത്താവിന് രോഗം പിടിപെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന് അടുത്തിടെ രോഗം ഭേദമായി. വീട്ടിലേക്ക് മടങ്ങാൻ അധികൃതർ നിർദേശിച്ചു.
അപ്പോഴും പിതാവിനെ വീട്ടിൽ കയറ്റാൻ മകൻ തയാറല്ല. ഇതോടെ പോലീസും ആരോഗ്യപ്രവർത്തകരും ഇടപെട്ടു. മകനെ നിര്ബന്ധിച്ച് ഇദ്ദേഹത്തെ സ്വന്തം വീട്ടിൽ പ്രവേശിപ്പിച്ചു. ക്വാറന്റൈനിൽ കഴിയുന്ന അമ്മയെ ഇപ്പോഴും വീട്ടിൽ കയറ്റാൻ ഈ മകൻ തയാറായിട്ടില്ല.
മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്കും പഠനത്തിനുമായിപോയ മക്കൾ തിരികെ എത്തിയാൽ വീട്ടിൽ കയറ്റാൻ മാതാപിതാക്കൾ തയാറാകാത്ത സംഭവങ്ങളും ഉണ്ട്.
ബൈക്കിലും മറ്റുമാണ് കിലോമീറ്ററുകളോളം സഞ്ചരിച്ച് ഇവർ വീടുകളിൽ എത്തുന്നത്. എന്നാൽ വീടിന്റെ വാതിൽ ഇവർക്ക് മുന്നിൽ കൊട്ടിയടക്കുകയാണ് സ്വന്തം മാതാപിതാക്കൾ.
ഇത്തരത്തിൽ എത്തുന്ന ചെറുപ്പക്കാരെയും സ്ഥാപന ക്വാറന്റൈനിൽ പ്രവേശിപ്പിക്കേണ്ട ഗതികേടിലാണ് അധികൃതർ. വീട്ടിൽ രണ്ടോ അതിൽ കൂടുതലോ മുറികളില്ലാത്തവരും ഇപ്പോൾ സ്ഥാപനക്വാറന്റൈനിൽ തന്നെയാണ് കഴിയുന്നത്.
പുറത്തുനിന്നും എത്തിയ വ്യക്തിക്ക് വീട് നിരീക്ഷണത്തിൽ കഴിയാൻ കൊടുത്ത് മറ്റൊരിടത്തേക്ക് മാറാൻ ബന്ധുക്കൾ തയാറായാലും അതിനും സാധിക്കുന്നില്ല. കാരണം മറ്റ് ബന്ധുക്കളാരും ഇവരെ അടുപ്പിക്കില്ല എന്നതു തന്നെ.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ നിന്നും എത്തിയ നഴ്സ് സ്വന്തം വീട്ടിൽ എത്തിയപ്പോൾ ഓടിക്കാനെത്തിയത് പഞ്ചായത്ത് അംഗത്തിന്റേ നേതൃത്വത്തിൽ നാട്ടുകാർ. ഇവർ ഒടുവിൽ രൂക്ഷഭാഷയിൽ പ്രതികരിച്ചതോടെയാണ് വീട്ടിൽ കഴിയാനായത്. സമൂഹമാധ്യമമാണ് മറ്റൊരു പ്രധാന വില്ലൻ.
അടുത്തിടെ കോട്ടയം കറുകച്ചാലിൽ ഇത്തരത്തിലൊരു സംഭവം അരങ്ങേറി. കൊറോണ ബാധിതനായ വ്യക്തി രോഗം പിടിപെടുന്നതിനു മുൻപ് ഭാര്യവീടായ ഈ പ്രദേശത്ത് എത്തി.
ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രതാ കമ്മിറ്റിക്കാർ വാട്സ്ആപ്പിലിറങ്ങി. ഈ പ്രദേശത്തുള്ളവർ സൂക്ഷിക്കണമെന്നായിരുന്നു സന്ദേശങ്ങളുടെ ആകെ കാതൽ. അനാവശ്യ ഭീതി ചാലിച്ച സന്ദേശം ആയിരക്കണക്കിന് ആളുകളിലേക്കാണ് കൈമാറി എത്തിയത്.
പുറം നാടുകളിൽനിന്ന് എത്തിയവരെ ഭയത്തോടും വിദ്വേഷത്തോടെയുമാണ് നാട് ഇപ്പോൾ കാണുന്നത്. പേടിവേണ്ട ജാഗ്രത മതിയെന്ന വാക്കുകളൊക്കെ പുറംപൂച്ചുകൾ മാത്രമായി. കണ്ണാൽ കാണാൻ കഴിയാത്ത ഇത്തിരിക്കുഞ്ഞൻ സൂഷ്മാണു ഇപ്പോൾ രക്തബന്ധങ്ങളുടെ വില കൂടി തൂക്കിനോക്കുകയാണ്.