പത്തനാപുരം: പ്രജീഷിന്റെയും പ്രണവിന്റെയും കണ്ണുകള്‍ നിറയാതിരിക്കാന്‍ ഗ്രാമം കൈകോര്‍ക്കുന്നു. സ്കൂളില്‍ പോകാന്‍ ബസ് കൂലി നല്കാന് ഇല്ലാഞ്ഞതോടെ പഠനം പാതിവഴിയില്‍ നിലച്ച് പട്ടിണിയിലായ ഇവരുടെ ദുരിത ജീവിതത്തിന് ഇതോടെ അവസാനമാവുകയാണ്. ഇവരുടെ ദുരിതമറിഞ്ഞ സുമനസുകളും സന്നദ്ധ സംഘടകളും സഹായങ്ങളുമായി രംഗത്തെത്തി.
പഠനാവശ്യത്തിനുളള പണവും, ഭക്ഷണത്തിനുള്ള ചിലവുകളും നൽകുമെന്ന് ഇവരുടെ വീട്ടിലെത്തിയ വിവിധ സന്നദ്ധ പ്രവർത്തകർ പറഞ്ഞു.പിറവന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സോമരാജന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടുന്ന സഹായമെത്തിക്കാനുള്ള ശ്രമങ്ങളും ആംഭിച്ചു. അധ്യയനം ആരംഭിച്ച് ഒന്നര മാസത്തോളമായിരുന്നങ്കിലും പ്രജീഷും പ്രണവും ഏതാനും ചില ദിവസങ്ങളേ പോയിരുന്നുളളു.
സ്കൂളിൽ നിന്നും കിട്ടിയിരുന്ന ഉച്ചക്കഞ്ഞിയായിരുന്നു ഒരു നേരത്തെ വിശപ്പടക്കാനുളള ഏകആശ്രയം. ഒരു മാസം രണ്ടുപേർക്കും കൂടി 1200 രൂപയാണ് സ്കൂൾ ബസിന് നൽകേണ്ടിയിരുന്നത്. മൂന്ന് വർഷം മുമ്പ് മാതാവ് മിനി പാമ്പ് കടിയേറ്റ് മരിച്ചതോടെയാണ് നിർധനകുടുംബത്തിന്റെ താളം തെറ്റിയത്. ഇതോടെ കുട്ടികൾ തീർത്തും അനാഥരായി. അമ്മൂമ്മ പ്രേമയായിരുന്നു ഏക ആശ്രയം. കുഞ്ഞുങ്ങളുടെ വിശപ്പടക്കാനായി നന്നേ പാടുപെട്ടു .
സഹായത്തിനായി കയറിറങ്ങാത്ത വാതുലുകളില്ല. നാലുവശവും സാരി മറച്ച് മുകളിൽ ടാർപ്പോളിൻ വിരിച്ച ഒറ്റമുറിയാണ് ഇവരുടെ വീട്. മഴപെയ്താൽ പൂർണമായും നനയും. ഈ സാഹചര്യത്തിലാണ് സഹായഹസ്തവുമായി സുമനസുകൾ എത്തിയത്. റൈറ്റ് ഹാൻഡ് ചാരിറ്റി എന്ന സമൂഹ മാധ്യമ കൂട്ടായ്മ പ്രവർത്തകർ ഇന്നലെ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകി.
പൊതുപ്രവർത്തകനായ പുന്നല സ്വദേശി ഷൈജുവാണ് ഒരു വർഷത്തേക്കുളള കുട്ടികളുടെ പഠനചിലവുകൾ നൽകുമെന്ന് അറിയിച്ചത്. കൂടാതെ ചെറുതും വലുതുമായ സഹായങ്ങളുമായി നിരവധി പേർ കുരുന്നുകളുടെ വീട്ടിൽ എത്തുന്നുണ്ട്.