ചക്കരക്കൽ: യുവാവിനെ കൊലപ്പെടുത്തി കനാലിൽ തളളിയ സംഭവത്തിലെ മുഖ്യപ്രതി സ്റ്റേഷനിൽ ഹാജരായി കീഴടങ്ങി.
ചക്കരക്കൽ മിടാവിലോട്ടെ പ്രശാന്തി നിവാസിൽ ഇ. പ്രജീഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതിയായ മിടാവിലോട് കൊല്ലറോത്ത് ഹൗസിൽ അബ്ദുൽ ഷുക്കൂറാണ് ഇന്നു പുലർച്ചെ നാലോടെ ഓട്ടോറിക്ഷയിലെത്തി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ 20 ന് രാവിലെയാണ് പൊതുവാച്ചേരി മണിക്കൽ അമ്പലത്തിന് സമീപത്തെ കനാലിൽ ചാക്കിൽ കെട്ടിയ നിലയിൽ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്ലാസ്റ്റിക് കയർ കൊണ്ട് കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ 19 മുതൽ പ്രജീഷിനെ കാണാനില്ലെന്ന് കാണിച്ചു കുടുംബം ചക്കരക്കൽ പോലീസിൽ പരാതി നൽകിയിരുന്നു.
പ്രജീഷിനെ കണ്ടെത്താൻ വേണ്ടി വ്യാപകമായ അന്വേഷണം നടത്തവേയാണ് ഏതാനും ദിവസത്തിനകം കനാലിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
19 ന് രാത്രി ഒന്പതോടെചക്കരക്കൽ ബാറിന് സമീപം പ്രജീഷിനെ സംഘം കൂട്ടിക്കൊണ്ടുപോയി മദ്യപിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണം സംഘം പറയുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് പനയത്താംപറമ്പ് സ്വദേശി കല്ലുള്ളതിൽ ഹൗസിൽ സി.പി. പ്രശാന്തിനെ (40) സംഭവ ദിവസം ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ മുഖ്യ പ്രതിയായ ഷുക്കൂർ കൊലപാതകത്തിന് ശേഷം നാട് വിട്ടിരുന്നു. പ്രതി ആന്ധ്രപ്രദേശിലേക്ക് കടന്നതായുള്ള വിവരത്തെ തുടർന്നു അന്വേഷണ സംഘം ആന്ധ്രയിലേക്ക് പോയിരുന്നു.
അവിടെയുള്ള ഒരാളുടെ മൊബൈൽ ഫോൺ വാങ്ങി ഷുക്കൂർ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇതേ തുടർന്നാണ് ഇയാൾ ആന്ധ്രയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നത്.
അന്വേഷണ സംഘം ആന്ധ്രപ്രദേശിൽ പ്രതിക്ക് വേണ്ടി തെരച്ചൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ മൊബൈൽ ഫോൺ സിഗ്നൽ പരിശോധിച്ചതിനെ തുടർന്നു കർണാടകത്തിലെ കുടകിൽ പോലീസ് എത്തിയെങ്കിലും അവിടെ നിന്നും ഷുക്കൂർ രക്ഷപ്പെട്ടു.
പിന്നീട് മൊബൈൽ സിഗ്നൽ പിന്തുടർന്നുള്ള അന്വേഷണത്തിൽ ഇരിട്ടിയിലെത്തിയതായി കണ്ടെത്തിയിരുന്നു. ഇന്നലെ ഇയാൾ കണ്ണൂരിലെ ഒരു ലോഡ്ജിൽ താമസിച്ചതായും പറയുന്നുണ്ട്.
കൊലപാതകം നടത്താനുള്ള കാരണങ്ങളും എങ്ങനെയാണ് കൊലപ്പെടുത്തിയതിനും കൊല നടത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ കൊണ്ടിട്ടതിനും ആരുടെയൊക്കെ സഹായങ്ങൾ ഉണ്ടെന്നും ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് പോലീസിന് ഉത്തരം കിട്ടിയെന്നാണ് സൂചന.
പ്രതിയെ ഇന്നു കൊലപാതകം നടത്തിയ സ്ഥലത്തും മൃതദേഹം തള്ളിയ കനാൽ പരിസരങ്ങളിലും കൊണ്ടു പോയി തെളിവെടുപ്പ് നടത്തിയ ശേഷം വൈകുന്നേരത്തോടെ തലശേരി കോടതിയിൽ ഹാജരാക്കും.
ചക്കരക്കൽ മൗവഞ്ചേരിയിൽ വീടു നിർമാണത്തിനായി ശേഖരിച്ചു വച്ച നാലു ലക്ഷം രൂപയുടെ തേക്ക് മര ഉരുപ്പടികൾ കവർച്ച ചെയ്ത സംഭവത്തിൽ കൊല്ലപ്പെട്ട പ്രജീഷിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
മരം കടത്തിയതുമായി ബന്ധപ്പെട്ട് മിടാവിലോട് കൊല്ലറോത്ത് വീട്ടിൽ അബ്ദുൾ ഷുക്കൂർ, പൊതുവാച്ചേരിയിലെ കെ. റിയാസ് എന്നിവരെ ചക്കരക്കൽ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇവർ പിടിയിലാകാൻ കാരണം പ്രജീഷാണെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.