കൊയിലാണ്ടി: യുവാവ് ഭാര്യവീട്ടില്‍ മരിച്ച സംഭവത്തില്‍ ഭാര്യയെയും അഞ്ച് ബന്ധുക്കളെയും ഈ ആഴ്ച നുണപരിശോധയ്ക്ക് വിധേയമാക്കും.
തലക്കുളത്തൂര്‍ മങ്കരം കണ്ടി മീത്തല്‍ പ്രഭാകരന്റെ മകന് പ്രജീഷിന്റെ മരണത്തില്‍ യഥാര്‍ത്ഥ സംഭവം പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പിതാവ് പ്രഭാകരന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് ഭാര്യ സുനിതയെയും, അഞ്ച് ബന്ധുക്കളെയും കേസ്സില്‍ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്.
2015 ജൂണ്‍ നാലിനാണ് പ്രജീഷ് , ഭാര്യ സുനിതയുടെ ബന്ധുവിന്റെ മകളുടെ വിവാഹത്തിന് ഓമശ്ശേരി കൂത്തം പറമ്പ് ലക്ഷം വീട് കോളനിയിലെ വീട്ടില്‍ പോയത്.
പ്രജീഷും, ഭാര്യ സുനിതയും നേരത്തെ തന്നെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനായി പ്രജീഷിന്റെ സഹോദരിയും പോയിരുന്നു.
അന്ന് വളരെ നല്ല സ്വീകരണമാണ് അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ എട്ടാം തിയ്യതി രാത്രി സുനിതയുടെ സഹോദരന് വീട്ടിലേക്ക് വിളിക്കുകയും, പ്രജീഷിന് തലവേദനയാണെന്നും കെഎംസി.ടിയില്‍ കാണിച്ച ശേഷം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞെന്നും വിളിച്ചറിയിച്ചു.
ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും ഐസിയുയിലാണെന്നും പറഞ്ഞു കാണാന്‍ കഴിയാതെ തിരിച്ചു വരികയായിരുന്നു. എട്ടിന് സുനിതയുടെ സഹോദരനാണ് മരണവിവരം വിളിച്ചു പറയുന്നത്.
വിവാഹം സല്‍ക്കാരം കഴിഞ്ഞതിനാല്‍ നിരവധി പേര് ഉണ്ടായിരുന്നെന്നും രാത്രി കിടക്കുന്നതിനിടയില്‍ പ്രജീഷിന്റെ കാല് തട്ടി നോക്കിയപ്പോള്‍ നെഞ്ചില്‍ കൈവച്ച് കരയുകയായിരുന്നുവെന്നുമാണ് സുനിത പറഞ്ഞത്.
21 ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയപ്പോഴാണ് പ്രജീഷ് തൂങ്ങി മരിച്ചതായി വ്യക്തമായത്. മുക്കം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കുടത്തായ്, കക്കാടംപൊയില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി ആര്.ഹരിദാസന് പരാതി നല്‍കുകയായിരുന്നു.
മൊഴികളിലെ വൈരുദ്ധ്യം അന്വേഷണത്തില്‍ ബോധ്യമായതിനെ തുടര്‍ന്നാണ് നുണ പരിശോധന നടത്തണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചത്. അഞ്ച് ദിവസത്തിനുള്ളില്‍ നുണപരിശോധന നടത്താനാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ നീക്കം.