കൊച്ചി: നാഗ്പൂർ കോർപ്പറേഷന്റെ 197 കോടി രൂപയുടെ ഓർഡർ കെൽട്രോൺ സ്വന്തമാക്കിയ സന്തോഷ വാർത്ത അറിയിച്ച് വ്യവസായ മന്ത്രി പി. രാജീവ്. കെൽട്രോൺ വികസിപ്പിച്ച ഇന്റലിജന്റ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങൾ മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ സ്ഥാപിക്കുന്നതിനുള്ള മെഗാ ഓർഡറാണ് ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്കിലാണ് ഇക്കാര്യം മന്ത്രി കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
എൽ ആൻഡ്ടിയെ മത്സരാധിഷ്ഠിത ടെൻഡറിൽ പരാജയപ്പെടുത്തി നാഗ്പൂർ കോർപ്പറേഷന്റെ 197 കോടി രൂപയുടെ ഓർഡർ കെൽട്രോൺ നേടിയെടുത്ത വിവരം അഭിമാനത്തോടെ പങ്കുവയ്ക്കുകയാണ്. കെൽട്രോൺ വികസിപ്പിച്ച ഇൻറലിജന്റ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങൾ മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ സ്ഥാപിക്കുന്നതിനുള്ള മെഗാ ഓർഡറാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
മത്സരാധിഷ്ഠിത ടെൻഡറിലൂടെ നേടിയ ഈ ഓർഡറിന്റെ അടിസ്ഥാനത്തിൽ, നാഗ്പൂരിലെ ഗതാഗത സുരക്ഷയുടെയും പരിപാലനത്തിന്റെയും മെഗാപദ്ധതിയുടെ ചുമതല കെൽട്രോൺ കരസ്ഥമാക്കി. പദ്ധതിയുടെ മൊത്തം മൂല്യം 197 കോടി രൂപയാണ്.
കേരളത്തിൽ ഉടനീളം മോട്ടോർ വാഹന വകുപ്പിന് വേണ്ടി കെൽട്രോൺ സ്ഥാപിച്ച എഐ അധിഷ്ഠിത ട്രാഫിക് എൻഫോഴ്സ്മെന്റ് സംവിധാനങ്ങളുടെ പ്രവർത്തന മികവാണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഈ മെഗാ പദ്ധതി നേടാൻ കെൽട്രോണിന് കരുത്തായത്.
ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ്, ടെക്നോളജി ബേസ്ഡ് ട്രാഫിക് എൻഫോഴ്സ്മെന്റ് മേഖലയിലെ ഒട്ടനവധി വർഷത്തെ പ്രവർത്തിപരിചയവും നാഗ്പൂർ പദ്ധതി നേടാൻ കെൽട്രോണിന് മുതൽക്കൂട്ടായി. പദ്ധതിയിലൂടെ 171 ജംഗ്ഷനുകളിൽ അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം, ട്രാഫിക് വയലേഷൻ ഡിറ്റക്ഷൻ ആൻഡ് മാനേജ്മെന്റ്, വേരിയബിൾ മെസ്സേജിംഗ് സിസ്റ്റം, സെൻട്രലൈസ്ഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ ഇൻസിഡന്റ് ഡിറ്റക്ഷൻ സിസ്റ്റം, വീഡിയോ മാനേജ്മെന്റ് & അനലിറ്റിക്സ്, വെഹിക്കിൾ കൗണ്ടിംഗ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റം, റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റം, തുടങ്ങിയ സംവിധാനങ്ങൾ മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്റർ എന്ന നിലയിൽ കെൽട്രോൺ നാഗ്പൂരിൽ സ്ഥാപിക്കും.
15 മാസത്തിനുള്ളിൽ പദ്ധതി പ്രവർത്തനസജ്ജമാകും. ഇന്റഗ്രേറ്റഡ് ആന്റ് ഇൻറലിജന്റ് ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങളുടെ രൂപകൽപ്പന, ഏകോപനം, ദൈനംദിന പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവയും അഞ്ചുവർഷത്തേക്ക് കെൽട്രോൺ നിർവഹിക്കും.
സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് കേരളത്തിൽ റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞത് പഠിക്കുന്നതിനായി മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥ സംഘം കേരളം സന്ദർശിച്ചിരുന്നു.
സാങ്കേതിവിദ്യ അടിസ്ഥാനമാക്കി കേരളത്തിൽ കെൽട്രോൺ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ രാജ്യാന്തരശ്രദ്ധ ആകർഷിക്കുന്നുണ്ട്. സ്മാർട്ട്സിറ്റി പദ്ധതികളുമായി ഏകോപിപ്പിച്ച് നാഗ്പൂർ കോർപ്പറേഷനിൽ കെൽട്രോൺ സാധ്യമാക്കാൻ ഒരുങ്ങുന്ന ഈ ഇൻറലിജന്റ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം പദ്ധതി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സമാനമായ ഓർഡറുകൾ ലഭിക്കാൻ സഹായകമാകും. തിരുവനന്തപുരം മൺവിളയിൽ ഉള്ള കെൽട്രോൺ ട്രാഫിക് സിഗ്നൽ ഡിവിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.