തിരുവനന്തപുരം: ഇത്തവണ ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വ്യവസായമേഖലയിൽ വിജയം കൈവരിച്ചവർക്കൊപ്പം വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരും ഒപ്പം തന്നെ വീട്ടുജോലിക്കാരായിരുന്നവരും ഡ്രൈവർമാരായിരുന്നവരും മറ്റ് സാധാരണ തൊഴിലിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്ന ഒരു ജനകീയ സമ്മേളനമായി ഇത്തവണ ലോക കേരള സഭ മാറിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലൂടെ സുപരിചിതനായ നജീബ് ലോക കേരള സഭയിൽ പങ്കെടുത്തു. എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുള്ള ഒരിക്കലും ഇത്തരമൊരു വേദി ലഭിക്കില്ലെന്ന് ചിന്തിച്ചിരുന്നവർക്ക് കൂടി ശബ്ദമുയർത്താൻ ഇടം നൽകുന്ന ലോക കേരള സഭ ഒരിക്കലും നിർത്തരുതെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് രാജീവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. വ്യവസായമേഖലയിൽ വിജയം കൈവരിച്ചവർക്കൊപ്പം വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരും ഒപ്പം തന്നെ വീട്ടുജോലിക്കാരായിരുന്നവരും ഡ്രൈവർമാരായിരുന്നവരും മറ്റ് സാധാരണ തൊഴിലിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്ന ഒരു ജനകീയ സമ്മേളനമായി ഇത്തവണ ലോക കേരള സഭ മാറി.
ഇപ്പോൾ പ്രവാസിയല്ലെങ്കിലും മലയാളികളെല്ലാമറിയുന്ന നജീബ് ഈ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞത് എല്ലാ വിഭാഗത്തിൽ പെട്ടവർക്കും പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുള്ള, ഒരിക്കലും ഇത്തരമൊരു വേദി ലഭിക്കില്ലെന്ന് ചിന്തിച്ചിരുന്നവർക്ക് കൂടി ശബ്ദമുയർത്താൻ ഇടം നൽകുന്ന ലോക കേരള സഭ ഒരിക്കലും നിർത്തരുതെന്നാണ്.