തിരുവനന്തപുരം: കേരളത്തെ റബർ വ്യവസായത്തിന്റെ ഹബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള റബർ ലിമിറ്റഡ് കമ്പനി രൂപീകരിച്ചുകഴിഞ്ഞെന്ന് മന്ത്രി പി. രാജീവ്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി 2021ൽ കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ വച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് കോട്ടയത്ത് വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ചഭൂമിയിൽ റബ്ബർ അധിഷ്ഠിത വ്യവസായ കേന്ദ്രം സ്ഥാപിക്കുമെന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രകടനപത്രികയിൽ 72ാമത്തെ വാഗ്ദാനമായി കൊടുത്തിരിക്കുന്ന ഈ കാര്യം ഇതിനോടകം പാതിവഴി പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതിലൂടെ കേരളത്തിൽ പ്രകൃതിദത്ത റബറധിഷ്ഠിത വ്യവസായങ്ങൾക്കുള്ള സാഹചര്യമൊരുക്കാൻ സാധിക്കും. ഉത്പാദന രംഗത്ത് കൂടുതൽ സഹായം നൽകും.
റബ്ബർ മേഖലയിൽ കർഷകർക്ക് കൂടുതൽ നേട്ടം ലഭിക്കുന്നതിന് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഇടതുപക്ഷ ജനാധിപത്യ മുന്നണി 2021ൽ കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ വച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് കോട്ടയത്ത് വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ചഭൂമിയിൽ റബ്ബർ അധിഷ്ഠിത വ്യവസായ കേന്ദ്രം സ്ഥാപിക്കുമെന്നത്.
പ്രകടനപത്രികയിൽ 72ാമത്തെ വാഗ്ദാനമായി കൊടുത്തിരിക്കുന്ന ഈ കാര്യം ഇതിനോടകം പാതിവഴി പൂർത്തിയാക്കി. കേരളത്തെ റബർ വ്യവസായത്തിന്റെ ഹബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള റബർ ലിമിറ്റഡ് കമ്പനി രൂപീകരിച്ചുകഴിഞ്ഞു.
145 ഏക്കർ ഭൂമിയിൽ നിർമ്മാണം പുരോഗമിക്കുന്ന കമ്പനിക്കായി 1050 കോടി രൂപ മുതൽമുടക്കാണ് പ്രതീക്ഷിക്കുന്നത്. പെട്ടെന്നുതന്നെ ഡിപിആർ തയ്യാറാക്കാനും നിർമ്മാണപ്രവൃത്തികൾ ആരംഭിക്കാനും സംസ്ഥാന സർക്കാരിന് സാധിച്ചു.
സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതിലൂടെ കേരളത്തിൽ പ്രകൃതിദത്ത റബറധിഷ്ഠിത വ്യവസായങ്ങൾക്കുള്ള സാഹചര്യമൊരുക്കാൻ സാധിക്കും. ഉത്പാദന രംഗത്ത് കൂടുതൽ സഹായം നൽകും. റബ്ബർ മേഖലയിൽ കർഷകർക്ക് കൂടുതൽ നേട്ടം ലഭിക്കുന്നതിന് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സൗകര്യമൊരുക്കും.
ഈ മേഖലയിൽ ടയർ ടെസ്റ്റിംഗ്, ക്വാളിറ്റി സർട്ടിഫിക്കേഷൻ സംവിധാനങ്ങളും നടപ്പിലാക്കും. റബ്ബർ അധിഷ്ഠിത ഫോറങ്ങളെയും കമ്പനിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കും. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ റബർ കർഷകർക്ക് പുത്തനുണർവ്വ് നൽകുന്നതിനൊപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.