കൊച്ചി: ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേള എറണാകുളം ജില്ലയിലാണെന്നത് സന്തോഷകരമായ കാര്യമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നവംബർ 4 മുതൽ 11 വരെയാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നത്.
മത്സരത്തിലേക്ക് കുട്ടികളെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഈ വർഷം മുതൽ ‘ഇൻക്ലൂസീവ് സ്പോർട്സ്’ മത്സരങ്ങളും ഒരുക്കിയിട്ടുണ്ടെന്നത് കേരളത്തിൽ നിന്നുള്ള പുതിയ മാതൃകയായി വരും വർഷങ്ങളിൽ രാജ്യം ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാക്ക് ഇക്കാര്യത്തെ കുറിച്ച് കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഒളിമ്പിക്സ് മാതൃകയിൽ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേള എറണാകുളം ജില്ലയിലാണെന്നത് സന്തോഷകരമായ കാര്യമാണ്. നവംബർ 4 മുതൽ 11 വരെയായി സംഘടിപ്പിക്കുന്ന കായികമേളയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികളെയും ആദ്യമേ തന്നെ അഭിനന്ദിക്കുന്നു. നിരവധി കടമ്പകൾ കടന്ന് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടുകയെന്നത് വലിയൊരു നേട്ടമാണ്.
സംസ്ഥാനതല മത്സങ്ങൾക്ക് തെരഞ്ഞെടുക്കപ്പെടാൻ ഈ കുട്ടികളെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. ഈ വർഷം മുതൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ‘ഇൻക്ലൂസീവ് സ്പോർട്സ്’ മത്സരങ്ങളും ഒരുക്കിയിട്ടുണ്ടെന്നത് കേരളത്തിൽ നിന്നുള്ള പുതിയ മാതൃകയായി വരും വർഷങ്ങളിൽ രാജ്യം ഉയർത്തിപ്പിടിക്കും. അത്ലറ്റിക്സ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ബാഡ്മിന്റൺ എന്നിവയാണ് ഈ വിഭാഗം കുട്ടികൾക്കുള്ള മത്സരങ്ങൾ.