തിരുവനന്തപുരം : കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തിരുത്തി പോസിറ്റീവ് എന്നാക്കി കബളിപ്പിച്ച് നഴ്സിംഗ് പരീക്ഷ എഴുതിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. കിഴുവിലം തിട്ടയമുക്ക് പിണർവിളാകം വീട്ടിൽ പ്രജിൻ (25) നെയാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ജനറൽ ആശുപത്രി റോഡിലുള്ള ഗവൺമെന്റ് സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർഥിയായപ്രജിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തിരുത്തി പോസിറ്റീവ് എന്നാക്കി വ്യാജരേഖ ചമച്ച് സർക്കാരിൽ നിന്നും ലഭിച്ച പിപിഇ കിറ്റും ധരിച്ച് കഴിഞ്ഞ മാസം നടന്ന ഒന്നാം വർഷ റെഗുലർ പരീക്ഷ എഴുതുകയായിരുന്നു.
കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കന്റോൺമെന്റ് എസ്എച്ച്ഒ ബിഎം.ഫി, എസ്ഐമാരായ സഞ്ചു ജോസഫ്, ദിൽജിത്ത്, സിപിഓമാരായ വിനോദ്, പ്രവീൺ, ഷൈജു, നസീറ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.