ഒറ്റപ്പാലം: കണ്ണിയന്പുറം പ്രജിൻ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. ഒരുവർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന രണ്ടുപേർ കൂടി പിടിയിലായതോടെ കേസിൽ ഒന്പതുപേർ അറസ്റ്റിലായത്. കണ്ണിയന്പുറം തേക്കിൻകാട്ടിൽ സജിത് (24), മോഡൽകാട്ടിൽ മനോജ് (25) എന്നിവരാണ് അറസ്റ്റിലായത്.
ഒളിവിൽ കഴിയുകയായിരുന്ന ഇവർ മുൻകൂർ ജാമ്യത്തിനു ശ്രമം നടത്തിവരികയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ പോലീസിനു കീഴടങ്ങിയത്. ഇവരെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഏതാനുംപേർ കൂടി കേസിൽ പിടിയിലാകാനുണ്ട്.
കഴിഞ്ഞവർഷം ജൂണ്‍ ഒന്‍പതിനാണ് കണ്ണിയന്പുറം കൂനത്തുള്ളികടവിനും റെയിൽവേ ട്രാക്കിനും സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നടന്ന സംഘർഷത്തിൽ പ്രജിൻ മരിച്ചത്.കേസിൽ നേരത്തെ അറസ്റ്റിലായ രണ്ടുപേർക്ക് സംഘർഷത്തിനിടെ കുത്തേറ്റിരുന്നു. ഇതിനുശേഷമാണ് പ്രജിനെ റെയിൽവേ ട്രാക്കുകൾക്കു മധ്യേ മാരകമായി മർദനമേറ്റ നിലയിൽ പോലീസ് കണ്ടെത്തിയത്.
വാണിയംകുളത്തെ ആശുപത്രിയിൽ എത്തിച്ചശേഷമായിരുന്നു മരണം. പ്രജിനും കുത്തേറ്റവരിൽ ഒരാളും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന ശശ്രുതയാണ് കൊലപാതകത്തിൽ കലാശിച്ചത്.