മുളങ്കുന്നത്തുകാവ്: ബൈക്ക് പാലത്തിന്റെ കൈവരിയിൽതട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണ അന്ത്യം. മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് ചങ്ങരത്തു പറന്പിൽ പ്രകാശന്റെ മകൻ പ്രജിത്ത് (29) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി പന്ത്രണ്ടോടെ അത്താണി നാട്ടിൻപുറം റെയിൽവേ ട്രാക്കിനു സമിപത്തെ പാലത്തിൽ തട്ടിയാണ് അപകടം.
സുഹൃത്തിനെ കൊണ്ടു വരാൻ പോയി തിരികെ വരുന്പോഴായിരുന്നു അപകടം. പാലത്തിനോടു ചേർന്നുള്ള കൈവരിയിൽ തട്ടി കാനയിലേക്ക് മറിയുകയായിരുന്നു. ബൈക്ക് കൈവരിയിലെ മാലിന്യകൂന്പാരത്തിൽ കുടുങ്ങിപ്പോയെങ്കിലും പ്രജിത്ത് തെറിച്ച് വീണ് പാലത്തിന്റെ സ്ലാബിൽ തലയിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
പിന്നിൽ മറ്റൊരു ബൈക്കിലുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ കാനയിലേക്കിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും ആദ്യം കണ്ടെത്താനായില്ല. പിന്നീട് ബൈക്കിന്റെ ലൈറ്റിന്റെയും മൊബൈൽ ഫോണിലെ ലൈററിന്റെയും സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ദൂരെ തെറിച്ച് വീണ് കിടന്നിരുന്ന പ്രജിത്തിനെ കണ്ടെത്തിയത്.
ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറാണ് പ്രജിത്ത്. അമ്മ വനജ. സഹോദരങ്ങൾ: പ്രജീൽ, പ്രവീണ. മെഡിക്കൽ കോളജ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.