മല്ലപ്പള്ളി: ഫേസ്ബുക്കില് സൃഷ്ടിച്ച പ്രത്യേകഗ്രൂപ്പിലൂടെ പരിചയപ്പെട്ട വീട്ടമ്മയില്നിന്നു ലക്ഷങ്ങള് തട്ടിയ യുവാവിനെ കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂര് കന്നിപ്പറമ്പ് പെരുംകൊല്ലം തൊടി വീട്ടില് സി. കെ. പ്രജിത്താണ് (39) പിടിയിലായത്.
തൂവല് കൊട്ടാരം എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ആനിക്കാട് സ്വദേശിനിയായ 52 കാരിയില്നിന്നു പലതവണയായി 6,80,801 രൂപ പ്രജിത്ത് കൈക്കലാക്കിയെന്നാണ് പരാതി.
ഗ്രൂപ്പിന്റെ അഡ്മിന് ആയ ഇയാൾ പല ആവശ്യങ്ങള് പറഞ്ഞും, തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് ഇത്രയും തുക സ്വന്തം അക്കൗണ്ടിലേക്കും ഇയാള് നല്കിയ മറ്റ് അക്കൗണ്ടുകളിലേക്കും ഗൂഗിള് പേ ചെയ്തു വീട്ടമ്മയില്നിന്നു വാങ്ങിയത്.
സാമ്പത്തിക തട്ടിപ്പിനിരയായ വീട്ടമ്മ 2024 നവംബര് 24ന് കീഴ്വായ്പൂര് പോലീസില് പരാതി നല്കി. പോലീസ് ഇന്സ്പെക്ടര് വിപിന് ഗോപിനാഥന് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബര് സെല്ലിന്റെ സഹായത്തോടെ ഇയാളെ കോഴിക്കോട്ട്നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.