കെ.ഷിന്റുലാല്‍
കോഴിക്കോട് : ഐഎസില്‍ ചേര്‍ന്നവരുടെ കൂട്ടത്തില്‍ മലയാളിയായ കോഴിക്കോട് സ്വദേശിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാവാതെ കേന്ദ്രസര്‍ക്കാര്‍.
കോഴിക്കോട് ബാലുശേരി തുരുത്യാട് സ്വദേശിയായ പ്രജു (മുഹമ്മദ് അമീന്) ഐഎസില്‍ ചേര്‍ന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി രണ്ടാഴ്ചയായിട്ടും ഇതു സ്ഥിരീകരിക്കാന്‍ കേന്ദ്രഏജന്സികള്ക്കു കഴിഞ്ഞിട്ടില്ല.
സംസ്ഥാന പോലീസിനും ഇക്കാര്യത്തിലുള്ള അവ്യക്തത തുടരുകയാണ്.
പ്രജു എങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ ഐഎസ് പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നതാണ് അന്വേഷണ ഏജന്‍സികളെ കുഴക്കുന്നത്.
ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ പട്ടിക വ്യക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രജുവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ഐഎസില്‍ ചേര്‍ന്നവരുടെ മുഴുവന്‍ വിവരങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശേഖരിക്കുന്നുണ്ട്. എന്നാല്‍ പ്രജുവിനെക്കുറിച്ചുള്ള യാതൊരു വിവരം ഇതുവരേയും ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്.
രാജ്യത്തെ ഐഎസ് കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പട്ടികയിലും പ്രജു ഉള്‍പ്പെട്ടിട്ടില്ല.
അഫ്ഗാനില്‍ ഉള്‍പ്പെട്ട ഐഎസിലെ മലയാളികളുടെ പട്ടികയിലും പ്രജുവിന്റെ വിവരങ്ങളില്ല. അതേസമയം, പ്രജു ഐഎസില്‍ ആകൃഷ്ടനാവാനുള്ള സാധ്യതകളാണ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുന്നത്.
മൂന്നു വര്‍ഷം മുമ്പ് മൂന്നാറില്‍ ?
ഐഎസില്‍ ചേര്‍ന്നതായി സംസ്ഥാന സര്‍ക്കാര്‍ കരുതുന്ന പ്രജുവിനെ മൂന്നുവര്‍ഷം മുമ്പ് മൂന്നാറില്‍ കണ്ടിരുന്നതായാണ് അവസാനമായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ച വിവരം.
അയല്‍വാസിയായ വ്യക്തിയാണ് പ്രജുവിനെ മൂന്നാറില്‍ തിരിച്ചറിഞ്ഞത്. എന്നാല്‍, സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. മൂന്നാറിലെ പ്രജുവിന്റെ സാന്നിധ്യം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
സലഫി ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്ന് മാത്രമാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം. എന്നാല്‍ ഇക്കാരണത്താല്‍ ഐഎസില്‍ ചേര്‍ന്നുവെന്ന് പൂര്‍ണമായും സ്ഥിരീകരിക്കാനാവില്ല.
പ്രജു താമസിക്കുന്ന വടകര റൂറല്‍ പോലീസ് പരിധിയിലെ ജില്ലാ സ്പെഷല്‍ ബ്രാഞ്ചിനും പൂര്‍വകാല തീവ്രവാദ ബന്ധം സംബന്ധിച്ചു യാതൊരു തെളിവും ലഭിച്ചിട്ടില്ല.
ഈ രണ്ടു വിഭാഗങ്ങളും ആഭ്യന്തരവകുപ്പിന് പ്രജുവിന്റെ ഐഎസ് ബന്ധം സ്ഥിരീകരിക്കത്തക്ക റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ലെന്നാണ് പറയുന്നത്.
അതേസമയം, പുനര്‍വിവാഹത്തിനു വേണ്ടി പ്രജു നാടു വിട്ടതാവാമെന്ന സൂചനയേറെയാണെന്നാണ് സ്പെഷല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കാണാതായെന്ന പരാതി
2015 ല്‍ പ്രജുവിന്റെ ഭാര്യ ബാലുശേരി പോലീസില്‍ ഒരു പരാതി നല്‍കിയിരുന്നു. പ്രജുവിനെ കാണാനില്ലെന്നായിരുന്നു പരാതി.
ബാലുശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇദ്ദേഹം വിദേശത്തേക്കു കടന്നോ ഐഎസില്‍ ചേര്‍ന്നോ എന്നതു കണ്ടെത്താന്‍ സാധിച്ചില്ല.
കിനാലൂര്‍ മങ്കയം ആമിന ഉമ്മ കൊലക്കേസ് പ്രതികൂടിയായ പ്രജു (മുഹമ്മദ് അമീന്) ഭാര്യയ്ക്കും വീട്ടുകാര്‍ക്കും വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ ശേഷമാണ് നാടുവിട്ടത്.
ഇയാള്‍ നാലു വിവാഹം കഴിച്ചിട്ടുണ്ട്. അവസാനത്തെ വിവാഹത്തിന് മുമ്പാണ് ഒൗദ്യോഗികമായി ഇസ്ലാം മതം സ്വീകരിച്ചത്.
2009ല്‍ മങ്കയം വാരിയമലയിലെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന വയോധിക കൊലചെയ്യപ്പെട്ട കേസില്‍ പോലീസ് പ്രജുവിനെതിരേയും മറ്റൊരാള്‍ക്കെതിരേയും കേസെടുത്തിരുന്നു.
എന്നാല്‍, ഇരുവരെയും കോടതി വെറുതെവിട്ടു. കോടതി കുറ്റവിമുക്തരാക്കിയെങ്കിലും കേസ് നടത്തിപ്പിനായി വലിയ സാമ്പത്തികച്ചെലവുണ്ടായി.
ഇതിനായി ഭാര്യയുടെ ഉമ്മയുടെ പേരിലുള്ള ഏഴ് സെന്റ് സ്ഥലം സ്വകാര്യ വ്യക്തിക്കു പണയപ്പെടുത്തി ഏഴ് ലക്ഷം രൂപ പ്രജു വാങ്ങി.
വിവാഹ സമയത്തു നല്കിയ 15 പവന് സ്വര്‍ണവും കൈക്കലാക്കി. ഇതെല്ലാമായാണ് നാടുവിട്ടതെന്നാണ് പോലീസിനു ലഭിച്ച വിവരം.