ടി.ജി.ബൈജുനാഥ്
വർഷം 2009. സ്ഥലം മലപ്പുറം നിലന്പൂരിലെ പൂക്കോട്ടുംപാടം ഗേറ്റിങ്ങൽ എന്ന ഉൾനാടൻ ഗ്രാമം. കല്യാണ വീഡിയോ ഷൂട്ട് ചെയ്യുന്ന കാമറയിൽ പത്താംക്ലാസുകാരൻ ഷഹദിന്റെ ഷോർട്ട് ഫിലിം പിടിത്തം നാട്ടുകാരിൽ കൗതുകമുണർത്തി: ഇവനെന്താ പിരാന്താണോ!
ആ ഷോർട്ട് ഫിലിം ‘മൊട്ട’ എന്ന ടൈറ്റിലിൽ യൂട്യൂബിലെത്തി. യൂട്യൂബിൽ ഷോർട്ട് ഫിലിമുകൾ വന്നുതുടങ്ങിയ കാലമായിരുന്നു അത്.
അവിടെ നിന്ന് ഫീച്ചർ ഫിലിം എന്ന സ്വപ്നത്തിലേക്ക് എത്താൻ പിന്നെയും 13 വർഷങ്ങളുടെ യാത്രാദൂരം.
ഷഹദിന്റെ ആദ്യ സിനിമ ‘പ്രകാശൻ പറക്കട്ടെ’ തിയറ്ററുകളിലെത്തുകയാണ്. ഷഹദ് പറയുന്നു- ‘ജീവിതത്തിൽ ഞാൻ ആകെ ആഗ്രഹിച്ചത് ഒന്നേയുള്ളൂ…സിനിമ!’
പതിവ് ഫീൽഗുഡ് അല്ല
നമ്മളെ രസിപ്പിക്കുന്ന നോട്ടങ്ങൾ, ഡയലോഗുകൾ, കാഴ്ചകൾ, ഇടങ്ങൾ, ഈണങ്ങൾ, വാക്കുകൾ….
ചേരുംപടി ചേർത്ത് പതിവു ഫീൽഗുഡ് സിനിമകളിൽ നിന്നു വേറിട്ടു നിൽക്കുന്ന അനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ആദ്യ സിനിമയിലൂടെ ഷഹദ്.
‘നമുക്കു ബന്ധപ്പെടുത്താനാകുന്ന ഒരുപാടു സംഭവങ്ങൾ, കാര്യങ്ങൾ ഇതിലുള്ളതുകൊണ്ടാവാം അങ്ങനെ തോന്നിയത്. കണ്ടുപരിചയമുള്ള കുറേ ജീവിതപശ്ചാത്തലങ്ങളെയും കഥാപാത്രങ്ങളെയും ഈ കഥയിൽ ബന്ധപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.’- ഷഹദ് പറയുന്നു.
ജസ്റ്റ് ഫ്രണ്ട്സിനുമപ്പുറം
സിനിമയിൽ ഒരിടം തേടി 2013 ലാണ് ഷഹദ് എറണാകുളത്തു വന്നത്. ധ്യാനുമായി പരിചയം തുടങ്ങിയത് അടി കപ്യാരേ കൂട്ടമണിയിൽ അസിസ്റ്റന്റ് ഡയറക്ടറായപ്പോൾ.
അന്നു മുതൽ ഒരു സുഹൃത്തിനെപ്പോലെ സഹോദരനെപ്പോലെ ഗുരുവിനെപ്പോലെ കരുതലായി ധ്യാൻ ഒപ്പമുള്ളതായി ഷഹദ്. ‘സ്ക്രിപ്റ്റ് സെറ്റ് ചെയ്യുന്നുണ്ട്.
എന്റെ പടത്തിൽ നിങ്ങളാണു നായകൻ’ എന്ന് അടുപ്പം കൂടിയ ദിനങ്ങളിലൊന്നിൽ ധ്യാനോടു ഷഹദ് പറഞ്ഞു.രണ്ടു വർഷത്തോളം ചിത്രീകരണം നീണ്ട ലവ് ആക്ഷൻ ഡ്രാമയിൽ ധ്യാനിന്റെ അസോസിയേറ്റായി.
ഷഹദ് എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘ഒപ്പന’ ഹിറ്റായ കാലം. ധ്യാൻ ഷഹദിനെ വി ളിച്ചു. ചെന്നപ്പോൾ ധ്യാൻ ഒരു കഥ പറഞ്ഞു.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആ കഥ കേട്ടപ്പോൾ തന്റെ മനസറിഞ്ഞ് എഴുതിയതു പോലെ ഷഹദിനു തോന്നി. പ്രകാശന്റെ വഴികളിൽ ധ്യാനൊപ്പം ഷഹദും ഒന്നുചേർന്നു പറക്കാൻ തുടങ്ങി.
മിഡിൽ ക്ലാസ് പ്രകാശൻ!
ഒരുപാടു സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ മനസിൽവച്ചു നടക്കുന്ന ഒരു കുടുംബനാഥന്റെയും അയാളുടെ ഭാര്യയുടെയും അവരുടെ രണ്ടു മക്കളുടെയും കഥയാണ് പ്രകാശൻ പറക്കട്ടെ. ‘പ്രതീക്ഷയുടെ കഥയാണിത്.
ഓരോ സാധാരണക്കാ രനും ഓരോ പ്രകാശനാണ്. കുടുംബത്തെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള പ്രതീക്ഷകളുമായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്ന മിഡിൽ ക്ലാസ് ആളുകളുടെ പ്രതിനിധി.
പ്രകാശന്റെയും മകന്റെയും ജീവിതത്തിന്റെ ഇടയിലൂടെയുള്ള യാത്രയാണ് ഈ പടം. ’-ഷഹദ് പറയുന്നു.
മൂന്നു പ്രകാശന്മാർ!
പ്രകാശനായി ദിലീഷ് പോത്തനും മൂത്ത മകൻ ദാസ് പ്രകാശനായി മാത്യു തോമസും ഇളയ മകൻ അഖിൽ പ്രകാശനായി ടി.ജി. രവിയുടെ കൊച്ചുമകൻ ഋതുണ്ജയ് ശ്രീജിത്തും പ്രകാശന്റെ ഭാര്യ ലതയായി നിഷ സാരംഗും വേഷമിടുന്നു. ദിലീഷും മാത്യുവുമാണ് നായകന്മാർ.
പലചരക്കു കച്ചവടക്കാരനാണു പ്രകാശൻ. ദാസ് പ്ലസ്ടു വിദ്യാർഥിയും. ‘ചില നാട്ടിൻപുറങ്ങളിലൊക്കെ മക്കളെ അച്ഛന്റെ പേരുകൂട്ടി വിളിക്കാറില്ലേ.
പ്രകാ ശന്റെ മകൻ ദാസ് പ്രകാ ശനെ പ്രകാശാ…എന്നു വിളിക്കുന്നുണ്ട് ഇതിൽ. മൂന്നു പ്രകാശൻമാരുടെ ജീവിതയാത്ര തന്നെയാണു സിനിമ -ഷഹദ് പറയുന്നു.
ടൈറ്റിൽ പിറന്ന പാതിരാപല ടൈറ്റിലുകളും പറഞ്ഞുപോകുന്നതിനിടെ ഒരു രാത്രി രണ്ടു മണി കഴിഞ്ഞ് ഷഹദിന്റെ മനസിൽ പ്രകാശം പരക്കട്ടെ എന്ന വാചകം മിന്നി. അവരുടെ ജീവിതത്തിൽ വെളിച്ചമുണ്ടാകട്ടെ എന്ന അർഥത്തിൽ അതു ടൈറ്റിലാക്കാമെന്നു ഷഹദിനു തോന്നി.
ധ്യാൻ അതൊന്നു മിനുക്കി; പ്രകാശന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകളുമായി ചേർത്ത് പ്രകാശൻ പറക്കട്ടെ എന്ന്.
നാലു പാട്ടുകളും പശ്ചാത്തലസംഗീതവുമൊരുക്കിയതു ഷാൻ റഹ്മാൻ. വരികൾ മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ. കാമറ ഗുരുപ്രസാദ്. എഡിറ്റിംഗ് രതിൻ രാധാകൃഷ്ണൻ.
ദിലീഷിന്റെ പ്രകാശം!
ദിലീഷ്പോത്തൻ ഈ സിനിമയിൽ 99 ശതമാനവും നടനായിരിക്കാനാണ് ശ്രമിച്ചതെന്ന് ഷഹദ്.
‘ മാക്സിമം പ്രകാശനായി ജീവിക്കാൻ തന്നെയാണു ദിലീഷേട്ടൻ ശ്രമിച്ചത്. എന്റെ ടെൻഷൻ കാരണം ചേട്ടാ ഓകെയായി തോന്നുന്നുണ്ടോ എന്നുഞാൻ ചോദിക്കുമായിരുന്നു. ഓകെയാണ്,
എനിക്ക് ഇഷ്ടപ്പെട്ടു, നീ ഓകെയല്ലേ എന്നു പറഞ്ഞ് എന്നെ കംഫർട്ടാക്കാനാണ് ദിലീഷേട്ടൻ ശ്രദ്ധിച്ചത്. സീനെടുക്കുന്നതിനു മിനിട്ടുകൾക്കു മുന്പ് ഡയലോഗുകൾ എഴുതുന്ന രീതിയാണ് ധ്യാനേട്ടന്റേത്.
അപ്പോൾ ആർട്ടിസ്റ്റുകളുടെയും അസിസ്റ്റന്റ്സിന്റെയും നിർദേശങ്ങൾ സ്വീകരിക്കാറുണ്ട്. അങ്ങനെ പലയിടത്തും ദിലീഷേട്ടന്റെ ഡയലോഗുകളും ഉപയോഗിച്ചിട്ടുണ്ട്.
പടം തീർന്നപ്പോൾ ദിലീഷേട്ടനെ കാണിച്ച് അഭിപ്രായം തേടിയിരുന്നു. തുടക്കക്കാരനായ എനിക്കു തരാവുന്നതിന്റെ മാക്സിമം മാനസിക പിന്തുണയും സ്വാതന്ത്ര്യവും അദ്ദേഹം തന്നു.’
പാഷൻ സുനി
പ്രകാശനിൽ ധ്യാൻ ഒരു വേഷം ചെയ്യണമെന്ന ആഗ്രഹം പാഷൻ സുനിയിലൂടെ സഫലമായതായി ഷഹദ്.
‘ചെറിയ കഥാപാത്രമാണെങ്കിലും എന്റെ ഗുരു ഇതിലുണ്ടായതും അദ്ദേഹത്തോട് ആക്്ഷൻ പറയാനായി എന്നതും വലിയ സന്തോഷം. നല്ല രസമുള്ള കഥാപാത്രമാണ്. പാഷൻ പ്ലസ് എന്ന ബൈക്ക് ഉപയോഗിക്കുന്നതുകൊണ്ടാണ് അങ്ങനെ പേരു വന്നത്.’
കോഴിക്കുട്ടൻ!
‘അളിയൻ മാത്്സിൽ ഇത്ര ഷാർപ്പായിരുന്നല്ലേ’ എന്ന് പ്രകാശനോടും ‘ഈ ഏരിയയിൽ എന്റെ വില എനിക്കു തന്നെ അറിയില്ല’ എന്നു ദാസ് പ്രകാശനോടും പറയുന്ന കുട്ടനായി മിന്നുന്നതു സൈജു കുറുപ്പ്.
നാട്ടിലെ പ്രധാന വ്ളോഗറും പാട്ടുകാരനുമൊക്കെയായ കുട്ടൻ സ്വഭാവം കൊണ്ടു വാങ്ങിയെടുത്ത പേരാണ് കോഴിക്കുട്ടൻ!
സൈജുവിന്റെ മാനറസിങ്ങളും നോട്ടവും നടത്തവും സംസാരരീതിയും കോമഡിയും ടൈമിംഗുമൊക്കെയാണ് കാസ്റ്റിംഗിനു പിന്നിലെന്ന് ഷഹദ്. ‘ഇടയ്ക്കിടെ പാട്ടു പാടുന്ന സ്വഭാവമുണ്ട് കുട്ടന്.
സിനിമയിൽ ഏറെ രസകരമായ ഒരു സന്ദർഭത്തിൽ വരുന്ന പാലായിൽ എലി, പാലത്തിൽ കേറി, പാലം കുലുക്കി…എന്ന പാട്ടും സൈജുവേട്ടന്റെ സംഭാവനയാണ്.’
ദാസും അൻവറും
‘എനിക്കു സുന്ദരമായി തോന്നുന്ന എന്തും ഞാൻ പകർത്തും...അതിപ്പൊൾ മാനായാലും മയിലായാലും കിളിയായാലും കുയിലായാലും’ എന്ന ഡയ ലോഗിന്റെ ഉടമ ദാസ് പ്രകാശനായി സിനിമയിൽ നിറയുന്നതു മാത്യു തോമസ്. ഷഹദ് പറയുന്നു –
‘ മാത്യുവിനെ ചിന്തിച്ചിട്ടു തന്നെയാണ് ഈ സിനിമയുണ്ടാകുന്നത്. നമ്മുടെ കുടുംബത്തിലെയോ അയൽപക്കത്തെയോ കുട്ടിയായി പെട്ടെന്നു ഫീൽ ചെയ്യും.
അവനിലൂടെ അനായാസം കഥ പറയാം. താൻ ചെയ്യുന്ന സീനിന്റെ മുൻ, പിൻ സീനുകളെക്കുറിച്ചും ഇമോഷണൽ കണ്ടിന്യൂയിറ്റിയെക്കുറിച്ചുമെല്ലാം മനസിലാക്കാൻ ശ്രമിക്കുന്ന ഡെഡിക്കേഷനുള്ള നടൻ.
പടം തുടങ്ങുന്നതിനു ദിവസങ്ങൾക്കു മുന്പു തന്നെ കോഴിക്കോട് പൂവാറുംതോടെത്തിയ മാത്യു ലൊക്കേഷൻ കാണുന്നതിനും മറ്റും അസി.ഡയറക്ടറെപ്പോലെ കൂടെയുണ്ടായിരുന്നു.
അൻവറായി വേഷമിട്ട ഗോവിന്ദ് പൈയും പടം നന്നാവണം, തന്റെ ഭാഗം നന്നാക്കണം എന്നൊക്കെ ആഗ്രഹമുള്ള നടനാണ്.’
നിഷ സാരംഗ്
ഉപ്പും മുളകിലെയും തണ്ണീർ മത്തനിലെയും റോളുകൾ കണ്ടിട്ടു തന്നെയാണ് നിഷ സാരംഗിനെ
ലതയായി കാസ്റ്റ് ചെയ്തതെന്ന് ഷഹദ് പറയുന്നു.
‘സ്വാഭാവിക അഭിനയം, സൂക്ഷ്മമായുള്ള റിയാക്ഷൻ… ഉറപ്പായിരുന്നു. വീട്ടുകാര്യങ്ങൾ ചെയ്യുന്നതിനിടെ വളരെ ഈസിയായിട്ടാണ് നിഷചേച്ചി കഥാപാത്രമാകുന്നത്.
അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല! അടുക്കള സീൻ ചെയ്യുന്പോൾ ആ വീട്ടിൽ ഒരുപാടു വർഷം താമസിച്ചു പരിചയമുള്ള ഒരാൾ എന്ന രീതിയിലാണ് നിഷചേച്ചി ആ സ്്പെയ്സിനെ ഉപയോഗിക്കുന്നത്..’
നായിക മാളവിക
മൂവായിരം എൻട്രികളിൽ നിന്നു സെലക്ടായ മാളവിക മനോജാണ് മാത്യുവിന്റെ പെയറായി സ്ക്രീനിലെത്തുന്നത്. ഷഹദ് പറയുന്നു – ‘കാഴ്ചയിൽ തന്നെ നമുക്ക് ഇഷ്ടം തോന്നുന്ന, ഗ്രാമീണ സൗന്ദര്യമുള്ള ഒരാളെയാണു തേടിയത്.
അവസാന പത്തിൽ നിന്ന് ഓഡിഷനിലൂടെയാണ് മലപ്പുറം മേലാറ്റൂർ സ്വദേശി മാളവിക നീതുവായത്.’
നല്ല ഫ്യൂച്ചറാ !
സിനിമായാത്രകളിൽ തുടക്കം മുതൽ ഷഹദിന്റെ ഒപ്പമുള്ള ചങ്ങാതിയാണു വിജയകൃഷ്ണൻ. എറണാകുളത്തേക്ക് ഒപ്പം വന്നു. ഏഴെട്ടു വർഷം ഒന്നിച്ചു ചാൻസ് തേടി അലഞ്ഞു. ‘ഞാനെന്ന മനുഷ്യനെ ഉണ്ടാക്കിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചയാൾ’ – ഷഹദ് പറയുന്നു.
ഹൃദയം സിനിമയിലെ വരിക്കപ്പാറ. ഈ സിനിമയിൽ കോഴിക്കുട്ടന്റെ കൂട്ടുകാരനായി വിജയകൃഷ്ണനുണ്ട്. ടീസറിൽ
‘നല്ല ഫ്യൂച്ചറാ’ എന്നു പറയുന്ന കഥാപാത്രം.
അജു വർഗീസ്
വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ് എന്നിവർക്കൊപ്പം നിർമാണപങ്കാളിയായ അജുവുമായി,
അടി കപ്യാരേ കൂട്ടമണിയിൽ തുടങ്ങിയ ബന്ധമാണെന്ന് ഷഹദ് പറയുന്നു. ‘ കഥ കേട്ടപ്പോൾ മുതൽ പ്രകാശനോടായിരുന്നു അജുചേട്ടനു താത്പര്യം.
ദിലീഷേട്ടൻ ആ റോളിൽ വന്നതോടെ മുസ്തഫ എന്ന കാമിയോ റോൾ അജുവേട്ടനു നല്കി. ദിലീഷേട്ടൻ തന്നെ പ്രകാശനായതു നന്നായി എന്ന് പടം തീർന്നപ്പോൾ അജുവേട്ടൻ പറഞ്ഞു.’
ഇനി, അനുരാഗം
ഷഹദിന്റെ രണ്ടാമത്തെ പടം – അനുരാഗം -ഷൂട്ടിംഗ് പൂർത്തിയായി. ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റണി, അശ്വിൻ ജോസ്, ഷീലാമ്മ, ലെന, ദേവയാനി, ദുർഗ കൃഷ്ണ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് അഭിനേതാക്കൾ. ക്വീനിലെ നെഞ്ചിനകത്ത് ലാലേട്ടൻ പാട്ടുസീനിൽ അഭിന യിച്ച അശ്വിൻ ജോസാണ് ‘അനുരാഗം’ എഴുതിയത്. അശ്വിൻ തന്നെയാണ് പടത്തിലെ നായകനും.