തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസ് യാത്രയിൽ കരിങ്കൊടി കാണിച്ചവരെ മർദിച്ച സഭവത്തെ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചതിനെ വിമർശിച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു. മുഖ്യമന്ത്രി പിണറായി വിജയന്റെ “രക്ഷാപ്രവർത്തനം’ എന്ന പരാമർശം തെറ്റെന്ന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് പ്രകാശ് ബാബു പറഞ്ഞത്.
ജനങ്ങളുടെ മനസ് അതൊന്നും അംഗീകരിക്കില്ലെന്നും ഒരു തരത്തിലും അവയെ ന്യായീകരിക്കാനാവില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. എന്നാൽ സിപിഐ എന്തുകൊണ്ടാണ് ഇതിനെ എതിർക്കാതിരുന്നത് എന്നത് തനിക്ക് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കാലത്ത് മുന്നണി കൺവീനർ ഇ.പി ജയരാജന്റെ ചില പരാമർശങ്ങൾ ദോഷം ചെയ്തെന്നും കെ പ്രകാശ് ബാബു പറഞ്ഞു. ബിജെപിയുടെ അഞ്ച് സ്ഥാനാർത്ഥികൾ മികച്ചതാണ് എന്ന് പറഞ്ഞതിനേക്കാൾ തെറ്റാണ് ജാവദേക്കറെ കണ്ട കാര്യം പറഞ്ഞത്. ഇത് രണ്ടും ഇടതുപക്ഷ മനസുകളിൽ നല്ല മുറിവേൽപ്പിച്ചിട്ടുണ്ട്.
മുന്നണിയിലെയും സംസ്ഥാനത്തിലെയും ഒരു പ്രധാനപ്പെട്ട നേതാവ് എന്ന നിലയിൽ ഇ.പി ജയരാജൻ ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകൾ മുന്നണിക്ക് ദോഷം ചെയ്തു.