ഒഡീഷ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തലവേദന സൃഷ്ടിച്ച് നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഒഡീഷയിലെ കോൺഗ്രസ് എംഎൽഎ പ്രകാശ് ചന്ദ്ര ബെഹ്റയാണ് ഏറ്റവുമൊടുവിൽ കോൺഗ്രസ് അംഗത്വം രാജിവച്ചത്. കട്ടക്ക് ജില്ലയിലെ സലേപ്പൂരിൽ നിന്നുള്ള എംഎൽഎ ആയിരുന്നു പ്രകാശ് ചന്ദ്ര ബെഹ്റ.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. എന്നാൽ, ഇതേക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും കോൺഗ്രസ് നേതാക്കൾ പാർട്ടിവിട്ട് ബിജെപി അംഗത്വമെടുത്തിരുന്നു. ചന്ദ്ര ബെഹ്റ പക്ഷേ, ബിജെപി പാളയത്തിലേക്കാണോ എന്ന് വ്യക്തമായിട്ടില്ല.
മുതിർന്ന കോൺഗ്രസ് വക്താവ് ടോം വടക്കൻ, ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവും മൂന്നു തവണ എംപിയുമായിരുന്ന അരവിന്ദ് ശർമ എന്നിവരാണ് കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്.