ആലപ്പുഴ: ബോട്ട് ജെട്ടിയിൽ ഉറങ്ങിക്കിടന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം. പ്രതിയെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ച കുറ്റത്തിന് ബന്ധുവിനെ മൂന്നുവർഷം കഠിനതടവും വിധിച്ചു.
കൈനകരി കുട്ടമംഗലം പരമാലയം വീട്ടിൽ ജയപ്രകാശിനെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാംപ്രതി കൈനകരി വടക്ക് വലിയവീട്ടിൽ ടിബി (33) യെ ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ആലപ്പുഴ അഡീഷണൽ സെഷൻസ് മൂന്നാം കോടതി വിധിച്ചത്. ടിബിയെ രക്ഷപ്പെടാൻ സഹായിച്ച ബന്ധുവായ രണ്ടാം പ്രതി മാരാരിക്കുളം വടക്കുപഞ്ചായത്ത് ചാരങ്കാട്ട് വീട്ടിൽ സെബാസ്റ്റ്യന് മൂന്നുവർഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു.
പിഴയായി വിധിച്ചിട്ടുള്ള രണ്ടരലക്ഷം രൂപ ജയപ്രകാശിന്റെ അമ്മ ചന്ദ്രമതിക്ക് നൽകാനാണ് കോടതി ഉത്തരവ്. 2010തിരുവോണദിവസം കുട്ടമംഗലം പാണ്ടിശേരി ബോട്ട്ജെട്ടിയിലായിരുന്നു സംഭവം. കൈനകരിയിലെ കള്ള് ഷാപ്പിൽ വച്ച് ജയപ്രകാശും ഒന്നാംപ്രതിയുമായി വാക്കുതർക്കമുണ്ടായി.
തുടർന്ന് രാത്രി ബോട്ട് ജെട്ടിയിലുറങ്ങിക്കിടന്ന ജയപ്രകാശിനെ ടിബിൻ ഇരുന്പു പട്ടകൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്നതായിരുന്നു കേസ്.