കൊല്ലം :മഹാപ്രളയത്തിൽ എല്ലാവരേയും കോർത്തിണക്കി സമാനതകളില്ലാത്ത പ്രതിരോധം ഉയർത്തിയ സർക്കാരിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപയുടെ ചെക്ക് പ്രകാശ് കലാകേന്ദ്രം ഭാരവാഹികൾ ജില്ലാ കളക്ടറെ ഏൽപ്പിച്ചു.
പ്രകാശ് കലാകേന്ദ്രം ബാലവേദി,വനിതാ വേദി പ്രവർത്തകരുടെനേതൃത്തത്തിൽ ഒരു ലക്ഷത്തോളം രൂപയുടെ പുതുവസ്ത്രങ്ങൾ, ബഡ്ഷീറ്റുകൾ, സാനിറ്ററി നാപ്കിൻ, അടിവസ്ത്രങ്ങൾ, പാൽപ്പൊടി, ഫീഡിംഗ് ബോട്ടിലുകൾ, പഠനോപകരണങ്ങൾ കൂടാതെ ആന്റിബയോട്ടിക് ഉൾപ്പടെയുള്ള മരുന്നുകൾ എന്നിവ സമാഹരിച്ച് അപ്പർകുട്ടനാട്ടെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു കൊടുത്തു.
ബലി പെരുന്നാളിന് രാവിലെ ജനറൽ സെക്രട്ടറി സിആർ പ്രിൻസിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം ചെങ്ങന്നൂർ താലൂക്ക് ഓഫിസിന്റെ നേതൃത്വത്തിൽ താലൂക്കിലെ പാണ്ടനാട്, പ്രയാർ മേഖലകളിൽ ദുരിതബാധിതർക്ക് വസ്ത്രവും ആഹാരവും എത്തിച്ചു കൊടുക്കുന്ന പ്രയത്നത്തിലാണ്.
പ്രളയ ദുരിതബാധിതരെ ഹൃദയത്തോട് ചേർത്ത് അവരെ സഹായിച്ചും ദുതാശ്വാസ ക്യാമ്പുകളിൽ നിന്ന് തിരികെ വീട്ടിലേക്കുള്ള മടക്കത്തിൽ ശുചീകരണത്തിന് സന്നദ്ധ സേവനം നടത്തിയും അവധി ദിനങ്ങളിൽ കലാകേന്ദ്രം പ്രവർത്തകർ കർമ്മനിരതരാകും.
പ്രകാശ് കലാകേന്ദ്രത്തിന്റെ ഓണാഘോഷ പരിപാടികൾ എല്ലാം മാറ്റി വച്ചു. ഓണോത്സവത്തിന് നോട്ടീസിൽ പ്രസിദ്ധീകരിച്ച പരിപാടികൾ ഉചിതമായ സമയത്ത് സംഘടിപ്പിക്കുന്നതാണ്.