മോഹന്‍ലാലിനെതിരേ ഞാന്‍ ഒപ്പിട്ടിട്ടില്ല ! ഇതിനെക്കുറിച്ച് തനിക്കൊന്നുമറിയിയില്ലയെന്നും ഇക്കാര്യത്തില്‍ ലാലിന്റെയൊപ്പം നില്‍ക്കുന്നുവെന്നും പ്രകാശ് രാജ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി പ്രമുഖര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയ്ക്കു നല്‍കിയ ഭീമഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ്. ഇതിനെക്കുറിച്ച് തനിക്ക് യാതൊന്നുമറിയില്ലെന്നും നടന്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി.

‘മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഒരു പ്രതിഭയും മുതിര്‍ന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. ആര് ചെയ്താലും ഇത് ശരിയാണെന്ന് വിശ്വസിക്കുന്നുമില്ല.”അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് എനിക്കുള്ള എതിര്‍പ്പ് ഞാന്‍ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു. അതും ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതും തമ്മില്‍ ഒരുമിച്ച് കൂട്ടിച്ചേര്‍ക്കാനികില്ല.’

‘ഈ സംഭവുമായി ബന്ധപ്പെട്ട കത്തില്‍ എങ്ങനെയാണ് എന്റെ പേര് വന്നതെന്ന് എനിക്ക് അറിയില്ല. എന്നെ ഇതിനായി ആരും സമീപിച്ചിട്ടുമില്ല. ഇത്തരമൊരു ചടങ്ങില്‍ മോഹന്‍ലാല്‍ വരുന്നത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല.

ഇക്കാര്യത്തില്‍ ഞാന്‍ ലാലിന്റെ കൂടെ നില്‍ക്കുന്നു.’പ്രകാശ് രാജ് പറഞ്ഞു. മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകരടക്കം 105 പേരാണ് ഭീമ ഹര്‍ജി ഒപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയത്. ഇതില്‍ നടന്‍ പ്രകാശ് രാജ്, സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ എന്നിവരുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഒപ്പിട്ടവരുടെ ലിസ്റ്റില്‍ ഒന്നാമതായായിരുന്നു പ്രകാശ് രാജിന്റെ പേര് വന്നത്.

Related posts