കോടികളുടെ പ്രതിമ പണിത് പൊങ്ങച്ചം കാണിക്കുന്ന രാജ്യത്തിന് ധനസഹായം നല്‍കേണ്ടതില്ലെന്ന ബ്രിട്ടീഷ് പാര്ലമെന്റേറിയന്റെ പ്രസ്താവന ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഇതേ കാര്യം ആവര്‍ത്തിച്ചും പ്രധാനമന്ത്രി നേരന്ദ്രമോദിയെ വിമര്‍ശിച്ചും നടന് പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നു.
പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളം സഹായം അഭ്യര്‍ഥിച്ചപ്പോള്‍ കൊടുക്കാന്‍ വിസമ്മതിച്ച്, ഒരു പ്രതിമക്ക് 3000 കോടി ചിലവിട്ട മോദിയുടെ നടപടി ലജ്ജാകരവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്നാണ് പ്രകാശ് രാജ് പ്രസ്താവിച്ചിരിക്കുന്നത്. വെറുപ്പുപോലും മോദി അര്‍ഹിക്കുന്നില്ലെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു.
പ്രളയക്കെടുതി മൂലം തകര്‍ന്നുപോയ ഒരു ഘട്ടത്തിലാണ് കേരളം കേന്ദ്രത്തോട് 2000 കോടിയുടെ സഹായം ആവശ്യപ്പെട്ടത്. എന്നാല്‍ നല്‍കിയത് 600 കോടി മാത്രം. കേന്ദ്രം കേരളത്തിന്റെ അടിസ്ഥാന ആവശ്യം പോലും നിരാകരിക്കുകയായിരുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു.
”കേരളം ചോദിച്ചത് പിച്ചക്കാശല്ല. നമ്മുടെയെല്ലാം നികുതിപ്പണമാണ്. മോദിയോട് ഒരു വെറുപ്പും തോന്നുന്നില്ല. കാരണം അദ്ദേഹം അതുപോലും അര്‍ഹിക്കുന്നില്ല. തുറന്നുപറച്ചിലുകളുടെ പേരില്‍ എന്നെ ചിലര്‍ ലക്ഷ്യമിടുന്നുണ്ട്. പക്ഷേ എനിക്കതില്‍ പേടിയില്ല”. പ്രകാശ് രാജ് പറഞ്ഞു.