ബംഗളുരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തെ പരിഹസിച്ചു തെന്നിന്ത്യൻ നടൻ പ്രകാശ് രാജ്. മോദി തന്നേക്കാൾ മികച്ച നടനാണെന്നും തനിക്കു ലഭിച്ചിരിക്കുന്ന അഞ്ചു ദേശീയ പുരസ്കാരങ്ങൾക്കു മോദിയാണു കൂടുതൽ അർഹനെന്നും പ്രകാശ് രാജ് പരിഹസിച്ചു. ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാനൊരു അഭിനേതാവാണ്. നിങ്ങൾ(മോദി) അഭിനയിക്കുകയാണോ അല്ലയോയെന്ന് എനിക്കു മനസിലാകും. എന്താണു യാഥാർഥ്യം എന്നും എന്താണ് അഭിനയമെന്നും എനിക്കറിയാം. നിങ്ങൾ(മോദി) എന്നേക്കാൾ നല്ല നടനാണ്. നിങ്ങൾ എനിക്ക് അഞ്ചു പുരസ്കാരങ്ങൾ തന്നു. അതു മോദിക്കു നൽകണമെന്നാണു ഞാൻ കരുതുന്നത്. കാരണം അദ്ദേഹം എന്നേക്കാൾ മികച്ച നടനാണ്.
ഗൗരിയുടെ ഘാതകൻമാരെ നമുക്കു കാണാൻ കഴിഞ്ഞേക്കില്ല. പക്ഷേ അവരുടെ ആഹ്ലാദപ്രകടനങ്ങൾ നമുക്കു കാണാൻ കഴിയും. അവരിൽ പലരേയും മോദി ട്വിറ്ററിൽ ഫോളോ ചെയ്യുന്നുണ്ട്. മോദി ഇതിനുനേരെ കണ്ണടയ്ക്കുകയാണ്. തന്നെ ഇത് ഭീതിപ്പെടുത്തുന്നുണ്ട്- പ്രകാശ് രാജ് പറഞ്ഞു. ഉത്തർപ്രദേശിൽനിന്നുള്ള വീഡിയോകൾ കണ്ടാൽ മുഖ്യമന്ത്രിയെയും ക്ഷേത്രത്തിലെ പൂജാരിയെയും കണ്ടാൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഗൗരി ലങ്കേഷിന്റെ മരണത്തിൽ ഒരുമാസമായിട്ടും പ്രതികളെ ഇനിയും പിടികൂടാത്ത സാഹചര്യത്തിലാണ് പ്രകാശ് രാജിന്റെ വിമർശനം. കൊല്ലപ്പെട്ട ഗൗരിയുമായി പ്രകാശ് രാജിനു മൂന്നര പതിറ്റാണ്ടിലേറെ പരിചയമുണ്ട്. ഗൗരിയുടെ പിതാവ് പ്രകാശിന്റെ ഗുരുസ്ഥാനീയനുമായിരുന്നു.