ന്യൂഡല്‍ഹി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് നടന് പ്രകാശ് രാജ്. രാഹുലിന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ സ്ത്രീകള്‍ക്കെതിരാണെന്ന് കരുതുന്നില്ലെന്നു പറഞ്ഞ പ്രകാശ് രാജ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡറെ നിയമിച്ച വ്യക്തിയാണ് രാഹുലെന്ന് ഓർക്കണമെന്നും പറഞ്ഞു. എന്തിനാണ് രാഹുലിന്റെ വാക്കുകളെ ഒരു രീതിയിൽ മാത്രം നോക്കി കാണുന്നതെന്നും അദ്ദേഹം ചോദിച്ചു. റഫാൽ വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയാതിരുന്നതാണ് വിമർശനത്തിനിടയാക്കിയതെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
റഫാലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതെ മാറി നിന്ന പ്രധാനമന്ത്രി, പകരം പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെ അയച്ചതിനെ പരിഹസിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. രാജസ്ഥാനില്‍ നടന്ന കര്‍ഷക റാലിക്കിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
വിഷയത്തിൽ ദേശീയ വനിതാ കമ്മീഷന് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.