ഗുരുവായൂർ: പ്രകാശനഗരം പദ്ധതി പ്രഖ്യാപനവും വാചക കസർത്തുമായി നഗരസഭ മുന്നോട്ടു പോകുന്പോൾ തൊഴിലാളികൾ രാത്രിയിൽ ടോർച്ച് വെളിച്ചത്തിൽ പണിയെടുക്കേണ്ട ഗതികേടിലാണ്.നഗരഹൃദയത്തിലാണ് ബുധനാഴ്ച രാത്രി ഇങ്ങനെയൊരു കാഴ്ച നടന്നത്.
കിഴക്കേ നടയിൽ മഞ്ജുളാലിന് സമീപം സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് മിഴിയടച്ചിട്ട് കാലങ്ങളായി. ഹൈമാസ്റ്റിന് സമീപം കേടായ ബി.എസ്.എൻ.എൽ കേബിളുകൾ ശരിയാക്കുന്നതിനെത്തിയ കരാർ തൊഴിലാളികൾ വെളിച്ചമില്ലാത്തതിനാൽ ടോർച്ച് വെളിച്ചത്തിലാണ് പണിയെടുത്തത്.ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു തുടങ്ങി.
ക്ഷേത്രത്തിലേക്ക് വരുന്ന കിഴക്കേ നടയിലെ പ്രവേശന കവാടം കൂരിരുട്ടിലാണ്. ഒട്ടുമിക്ക ഹൈമാസ്റ്റ് ലൈറ്റുകളുടേയും സ്ഥിതി ഇതാണ്. വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ പിന്നെ ഇരുട്ടാണ്. കൗണ്‍സിൽ യോഗങ്ങളിൽ പ്രകാശനഗരത്തിലെ ഇരുട്ട് ബഹളങ്ങൾക്കിടയാകാറുണ്ടെങ്കിലും നടപടികൾ ഉണ്ടാകാറില്ല.
ശബരിമല സീസണ് തുടങ്ങാൻ ഏതാനും ദിവസങ്ങളാണുള്ളത്. സീസണ് ആരംഭിക്കുന്നതിന് മുൻപ് എങ്കിലും നഗരപ്രദേശത്തെ ഹൈമാസ്റ്റുകളെങ്കിലും പ്രകാശിപ്പിക്കാൻ നഗരസഭ അധികൃതർ നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം