വെള്ളിക്കുളങ്ങര: മലയോരത്ത് കൃഷിചെയ്യുന്ന വാഴകർഷകർ ആരും തന്നെ ചെയ്തിട്ടില്ലാത്ത പരീക്ഷണം നടത്തി വിജയിച്ച മറ്റത്തൂരിലെ പെരുന്പിള്ളിച്ചിറ സ്വദേശി ഒ.വി.പ്രകാശനാണ് നാട്ടിലെ താരം. പാട്ടത്തിനെടുത്ത ഭൂമിയിൽ പാളയൻകോടൻവാഴകൾ തോട്ടമായി തന്നെ കൃഷി ചെയ്താണ് പ്രകാശൻ ഈ കോവിഡ് കാലത്ത് മികച്ച വിളവ് നേടിയത്.
മറ്റത്തൂരിലെ മുൻനിര പച്ചക്കറി കർഷകരിലൊരാളായ പ്രകാശൻ ഒരു പരീക്ഷണമായാണ് ഇത്തവണ പാളയൻകോടൻ വാഴകൾ തോട്ടമായി കൃഷി ചെയ്തത്. സാധാരണയായി പുരയിടങ്ങളിലും ആളൊഴിഞ്ഞ പറന്പുകളിലും അവിടവിടെയായി നട്ടുപിടിപ്പിക്കാറുള്ള ഇനമാണ് പാളയൻകോടൻ വാഴകൾ.
നേന്ത്രൻ, പൂവൻ, കദളി, റോബസ്റ്റ എന്നീ വാഴയിനങ്ങളെ പോലെ പാളയൻകോടൻ വാഴകൾ ആരും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാറില്ല. നാടൻ ഇനമായ പാളയൻകോടൻ കായക്ക് ആവശ്യക്കാർ കുറവാണെന്നതാണ് ഇതിനു പ്രധാന കാരണം.
നേന്ത്രവാഴകൾ ധാരാളമായി കൃഷി ചെയ്യാറുള്ള പ്രകാശൻ പാളയൻകോടൻ വാഴകളുടെ ഒരു തോട്ടം തന്നെ ഉണ്ടാക്കി. പെരുന്പിള്ളിച്ചിറയിലെ പാട്ടഭൂമിയിൽ 200 വാഴകളാണ് പ്രകാശൻ നട്ടുവളർത്തിയത്. പാകമായ വാഴക്കുലകളുടെ ആദ്യ വിളവെടുപ്പ് ഇന്നലെ നടന്നു.
നേത്രവാഴകൃഷിയെ കൃഷിയെ അപേക്ഷിച്ച് പാളയൻകോടൻ വാഴകൃഷിക്ക് അധ്വാനം കുറവുമതിയെന്ന് പ്രകാശൻ പറയുന്നു.
ഒരു വർഷത്തോളം പണിയെടുത്ത് വിളവെടുക്കുന്ന ഒരു നേന്ത്രക്കുലക്ക് ശരാശരി 300 രൂപ ലഭിക്കുന്പോൾ താരതമ്യേന കുറഞ്ഞ ഉൽപ്പാദന ചെലവും അധ്വാനവും വേണ്ടിവരുന്ന പാളയൻകോടൻ വാഴക്കുലകൾക്ക് ശരാശരി നൂറ്റന്പതിനും ഇരുന്നൂറിനും ഇടയിൽ വില ലഭിക്കുമെന്ന് പ്രകാശൻ പറയുന്നു.
കിലോഗ്രാമിന് 15 രൂപ നിരക്കിലാണ് ഇപ്പോൾ പാളയൻകോടൻകായ വിറ്റുപോകുന്നത്. കുറച്ചു കൂടി വില ഉയർന്നാൽ ഈയിനം വാഴകൃഷി വളരെ ലാഭകരമാണെന്ന് പ്രകാശൻ പറയുന്നു.
25 രൂപ വരെ പാളയൻകോടനു വില കിട്ടിയിരുന്ന കാലം ഉണ്ടായിരുന്നു. ഇത്തവണത്തെ പാളയൻകോടൻ വാഴകൃഷി ലാഭകരമായാൽ അടുത്ത സീസണിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാനാണ് ഈ കർഷകന്റെ തീരുമാനം.