തിരുവല്ല: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രകാശനും തന്നാലായത്. പബ്ലിക് സ്റ്റേഡിയത്തിന് സമീപം ബാസ്ക്കറ്റ്ബോൾ കോർട്ടിന് എതിർവശത്തായി വർഷങ്ങളായി ചായക്കട നടത്തുന്ന ആമല്ലൂർ പ്ലാംപറമ്പിൽ പ്രകാശനാണ് (49) തന്റെ ഇന്നലത്തെ വരുമാനം മുഴുവൻ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്.
തന്റെ കുടുംബത്തിന്റെ ഏക വരുമാനമാണ് പ്രളയദുരിതത്തിൽ പെട്ടവർക്കായി കൊടുത്തത്. ഇന്നലെ ആകെ കിട്ടിയ 5373 രൂപയും ഇതിനായി വിനിയോഗിച്ചു. സാധാരണ കിട്ടുന്നതിൽകൂടുതൽ വരുമാനവും ഇന്നലെ ലഭിച്ചു. ഇത്തരമൊരു സഹായത്തിനാണെന്ന് മനസിലാക്കിയ പലരും ബാക്കിതുക തിരികെ വാങ്ങിയില്ല.
വീട്ടമ്മയായ ഗിരിജയാണ് പ്രകാശന്റെ ഭാര്യ. മകൾ പ്രവീണ കോയമ്പത്തൂരിൽ എം.ആർ.ഐ. സ്കാനിംഗും മകൻ പ്രജിലാൽ ദേവസ്വംബോർഡ് സ്കൂളിൽ പ്ലസ്ടുവിനും പഠിക്കുന്നു.