കണ്ണൂര്‍: എല്ലാ മതങ്ങളിലുമുള്ള വ്യക്തി നിയമത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മുസ് ലിം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഏകീകൃത സിവില്‍ കോഡും ഇടതുപക്ഷവും എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏത് മതത്തിലായാലും തുല്യതയുടെ അടിസ്ഥാനത്തില്‍ ജനാധിപത്യപരമായ മാറ്റങ്ങള്‍ വരുത്തേണ്ടതാണ്.
മുത്തലാഖ് ദൈവഹിതമാണെന്ന് പറഞ്ഞ് അതില്‍ മുറുകെ പിടിക്കുന്ന പണ്ഡിതന്മാര് ഓര്‍ക്കേണ്ടത് മറുവശത്ത് വര്‍ഗീയ ശക്തികള്‍ക്ക് വളരാന്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍കൊണ്ട് സാധിക്കുകയുള്ളു. മതങ്ങള്‍ തമ്മിലുള്ള തുല്യതയും മതത്തിനകത്തുള്ള തുല്യതയും എന്നതാണ് സിപിഎമ്മിന്റെ നയം. ഇന്ത്യയില്‍ മുസ്ലിം ജനവിഭാഗം വലിയ വിഭേജനം നേരിടുകയാണ് അതുകൊണ്ടാണ് അതിനെ കുറിച്ച് പഠിക്കാന്‍ സച്ചാര്‍ കമ്മീഷനെ നിയോഗിച്ചത്.
വിദ്യാഭ്യാസപരമായും തൊഴില്‍പരമായും മുസ്ലിങ്ങള്‍ വിവേചനം നേരിടുന്നുണ്ട്. അനിയന്ത്രിതമായും വിവേചന രഹിതവുമായി നടക്കുന്ന മുത്തലാഖിനെതിരായുള്ള നിലപാടാണ് സിപിഎമ്മിന്റേതെന്നും മുത്തലാഖിനെയും ഏകീകൃത സിവില്‍ കോഡിനെയും കൂട്ടികുഴയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് രാഷ്ട്രീയ മുതലെടുപ്പാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. എ.എന്‍. ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്, ഡോ. ഹുസൈന് രണ്ടത്താണി, മുള്ളൂര്‍കര മുഹമ്മദലി സഹാബി, ഡോ. ഖദീജ മുംതാസ്, റിട്ട. ജഡ്ജി എം.എ. നിസാര്‍, സഹീദ് റൂമി, എം. ഷാജര്‍ എന്നിവര്‍ പ്രസംഗിച്ചു.