ബംഗളുരു: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ അടുത്തിടെ ഉയർന്നുവന്ന ശബ്ദങ്ങളിലൊന്നാണ് ദേശീയ പുരസ്കാര ജേതാവായ നടൻ പ്രകാശ് രാജിന്േറത്. മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റു കൊല്ലപ്പെട്ടശേഷം പ്രകാശ് രാജ് തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അദ്ദേഹം വിമർശനങ്ങളുയർത്തി. സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിയെ അനുകൂലിച്ച് സിനിമാമേഖലയിൽനിന്ന് ശബ്ദമുയർത്തിയവരിൽ ഒരാൾ പ്രകാശ് രാജായിരുന്നു.
ഇപ്പോൾ, പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം വൈകിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരേയാണ് അദ്ദേഹം ചോദ്യങ്ങളുന്നയിക്കുന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ എന്തുകൊണ്ടാണ് ശൈത്യകാല സമ്മേളനം വൈകിപ്പിക്കുന്നതെന്ന വിഷയത്തിലായിരുന്നു പ്രകാശ് രാജിന്റെ ചോദ്യങ്ങൾ.
ആരെയാണോ ബാധിക്കുന്നത്, അവരോടാണ്. എന്തുകൊണ്ടാണ് ശൈത്യകാല സമ്മേളനം ഇരുവരെ നടത്താത്തത്?. ഇതുവരെ തണുപ്പായിട്ടില്ലെന്നാണോ, അതോ നിങ്ങൾ മറ്റെന്തെങ്കിലും തിരക്കിലാണോ, അതോ തെരഞ്ഞെടുപ്പിനു മുന്പ് ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പറയേണ്ടിവരുന്നത് നിങ്ങളെ സംഭ്രമിപ്പിക്കുകയും ചൂടുപിടിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണോ…? വെറുതെ ചോദിക്കുകയാണ് എന്ന ഹാഷ്ടാഗിൽ പ്രകാശ് രാജ് ചോദിക്കുന്നു. നേരത്തെ, മോദിയെ തന്നേക്കാൾ മികച്ച നടനെന്നു പരിഹസിച്ചും നടൻ രംഗത്തെത്തിയിരുന്നു.
സാധാരണ നവംബർ മാസത്തിലെ മൂന്നാം ആഴ്ചയിലാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. എന്നാൽ ഇപ്പോൾ ഡിസംബർ 15ന് ആരംഭിക്കുന്ന രീതിയിലാണ് സമ്മേളനം വിളിച്ചിരിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് മോദി സർക്കാർ സമ്മേളനം വൈകിപ്പിച്ചതെന്ന് കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. ഡിസംബർ 9, 14 ദിവസങ്ങളിലാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
നേരത്തെ, പ്രധാനമന്ത്രി മോദിക്കു വികസനപദ്ധതികൾ പ്രഖ്യാപിക്കത്തക്ക രീതിയിൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടിവച്ചെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.