തൃശൂർ: നുണപറഞ്ഞ് അധികാരത്തിലെത്താൻ കഴിയുമെന്നു കാണിച്ച ഒരുകൂട്ടം ജോക്കർമാരാണ് ബിജെപിക്കാരെന്നു തെന്നിന്ത്യൻ ചലച്ചിത്രതാരം പ്രകാശ് രാജ്. ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ സംഘടിപ്പിച്ച ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ജനതയുടെ 30 ശതമാനത്തിൽ താഴെമാത്രം വോട്ടുകൾനേടി രാജ്യത്തിന്റെ തലയിലെഴുത്തു മാറ്റാൻ കഴിയുമെന്ന് അവർ കാണിച്ചുതന്നു. രാജ്യത്തിന്റെ ഐക്യത്തെയാണ് അവർ മാറ്റിമറിച്ചത്. എവിടേയ്ക്കാണ് രാജ്യം പോകുന്നതെന്ന് ചിന്തിക്കണം.
അസ്വസ്ഥരായ കർഷകരും പരാജയപ്പെട്ട സന്പദ്വ്യവസ്ഥയും തൊഴിൽരഹിതരായ ചെറുപ്പക്കാരുമാണ് ബിജെപി സർക്കാരിന്റെ കഴിഞ്ഞ നാലുവർഷത്തെ സംഭാവന. പത്തുവർഷമെങ്കിലും എടുത്തുമാത്രമേ ബിജെപി നാടിനോടുചെയ്ത ദ്രോഹം ഇല്ലാതാക്കാൻ കഴിയൂ എന്നും പ്രകാശ് രാജ് പറഞ്ഞു.
വർഗീയതയും അഴിമതിയുമാണ് രാജ്യം നേരിടുന്ന പ്രതിസന്ധികളെന്നും അത് ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കാൻ കഴിയില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.