കൈയ്യക്ഷരമായാല്‍ ഇങ്ങനെയിരിക്കണം! എട്ടാം ക്ലാസുകാരിയുടെ വടിവൊത്ത കൈയ്യക്ഷരം കണ്ട് ഞെട്ടി ഇന്റര്‍നെറ്റ് ലോകം; സോഷ്യല്‍മീഡിയയില്‍ താരമായി പ്രകൃതി മല്ല

ബഹുഭൂരിപക്ഷം ആളുകളും തങ്ങളുടെ സ്‌കൂള്‍ ജീവിതത്തില്‍ അധ്യാപകരില്‍ നിന്ന് കേട്ടിട്ടുള്ള ഒരു വഴക്കാണ് കൈയ്യക്ഷരം നല്ലതല്ല, തോണ്ടിത്തോണ്ടി എഴുതിയിരിക്കുന്നു തുടങ്ങിയത്. എന്നാല്‍ ടീച്ചര്‍മാരില്‍ നിന്ന് വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ലെന്ന് മാത്രമല്ല, കംമ്പ്യൂട്ടറിലെ പ്രത്യേക ഫോണ്ട് ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന അക്ഷരങ്ങളേക്കാള്‍ മനോഹരമായി എഴുതുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. മനോഹരമായ കൈയക്ഷരം കൊണ്ട് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് നേപ്പാള്‍ സ്വദേശിയായ പ്രകൃതി മല്ല.

കുറച്ചു മാസങ്ങള്‍ക്കുമുമ്പാണ് പ്രകൃതിയുടെ കൈയക്ഷരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരാള്‍ പോസ്റ്റ് ചെയ്യുന്നത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ താരമാവുകയായിരുന്നു പ്രകൃതി. മൈക്രോസോഫ്റ്റ് വേര്‍ഡിനെ പോലും തോല്‍പ്പിച്ചവളാണ് പ്രകൃതിയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം. പക്ഷെ അതിലൊട്ടും അതിശയോക്തിയില്ല താനും. കംപ്യൂട്ടറിന്റെ അക്ഷര വടിവിനെ പോലും തോല്‍പ്പിക്കും ഈ എട്ടാംക്ലാസുകാരിയുടെ വടിവൊത്ത എഴുത്ത്. അക്ഷരങ്ങള്‍ തമ്മിലുള്ള അകലം പോലും കിറുകൃത്യം.

അതാണ് പ്രകൃതിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കൈയെഴുത്ത് ശാസ്ത്രത്തിന്റെ പുതിയ തലങ്ങളാണ് ഇവള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നേപ്പാളിലെ മികച്ച കൈയെഴുത്തായി തെരഞ്ഞെടുത്തിരിക്കുന്നതും പ്രകൃതിയുടേത് തന്നെ. ഫേസ്ബുക്കില്‍ വൈറലാണ് ഈ കൊച്ചുപെണ്‍കുട്ടിയുടെ അക്ഷരങ്ങള്‍. സൈനിക് ആവാസിയ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് പ്രകൃതി മല്ല. മികച്ച കൈയക്ഷരത്തിന് നേപ്പാളി പട്ടാളത്തില്‍നിന്നും പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട് പ്രകൃതിയ്ക്ക്.

 

 

Related posts