ചിങ്ങവനം: കുഴിമറ്റം എൻഎസ്എസ് സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലെത്തിയ കുരുന്നുകൾക്ക് കളിക്കൂട്ടുകാരാകാൻ എൻസിസി കേഡറ്റുകളും. പാട്ടുപാടിയും തോളിലേറ്റിയും തൊട്ടിലിലുറക്കിയും ഇവർ അനുഭവിക്കുന്ന ദുരിതജീവിതത്തിന് അറുതി വരുത്തുകയാണ് എൻസിസി കേഡറ്റുകൾ. ഇവരുടെ ലാളനകൾ ഏറ്റുവാങ്ങിയ കുരുന്നുകൾ കേഡറ്റുകളുടെ തൊപ്പികൾ വാങ്ങി തലയിൽവച്ചു പട്ടാളച്ചിട്ടയിൽ നടക്കുന്നത് കണ്ടുനിൽക്കുന്നവരിലും കൗതുകമുണർത്തും.
കുട്ടികളുടെ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മുതിർന്നവർ കഷ്ടത്തിലാണെന്നാണ് ക്യാന്പിന്റെ ചുമതലയുള്ള വില്ലേജ് ഓഫീസർ പറയുന്നത്. ദൈനംദിനമുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിൽ വളരെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
നിത്യച്ചെലവിനുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും സംഘടിപ്പിക്കുന്നതിൽ ഏറെ ബുദ്ധിമുട്ടുകയാണ്.
ഹോർട്ടികോർപ്പ് വഴിയുള്ള പച്ചക്കറികൾ ലഭ്യമാകുന്നില്ല. മാവേലിസ്റ്റോറുകളിൽ പലവ്യഞ്ജനങ്ങൾ വാങ്ങാനെത്തിയാൽ പലതുമില്ല. പനച്ചിക്കാട് സർവീസ് സഹകരണ ബാങ്ക് വഴി ലഭിച്ച സാധനങ്ങൾ കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ചുനിന്നത്. ക്യാന്പിന്റെ നടത്തിപ്പിന് കൈയിൽനിന്നു കൂടുതൽ പണമിറക്കേണ്ട സ്ഥിതിയിലാണിപ്പോൾ.