കണ്ണൂർ: പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി 600 കോടി രൂപ കണ്ടെത്താൻ ഏർപ്പെടുത്തിയ പ്രളയ സെസ് സോഫ്റ്റ്വേർ കമ്പനികൾക്കു ചാകരയായി മാറുന്നു. 928 ഉത്പന്നങ്ങൾക്ക് ഒരു ശതമാനം സെസ് ചുമത്തി 600 കോടി രൂപ സമാഹരിക്കാനാണു സംസ്ഥാന സർക്കാരിന്റെ പദ്ധതി.
ഇതിനു കേരളത്തിലെ 1,80,000-ത്തോളം വരുന്ന വ്യാപാരികൾ ഉപയോഗിക്കുന്ന അക്കൗണ്ടിംഗ് സോഫ്റ്റ്വേറിൽ സെസ് ഉൾപ്പെടുത്താൻ ക്രമീകരണം ചെയ്യണം. സോഫ്റ്റ് വെയർ പരിഷ്കരികരിക്കണമെങ്കിൽ സർക്കാർ സമാഹരിക്കാൻ ലക്ഷ്യമിടുന്നതിനേക്കാൾ കൂടിയ തുക വ്യാപാരികൾ മുടക്കേണ്ട സ്ഥിതിയാണ്.
കൂടുതൽ വ്യാപാരികളും ഉപയോഗിക്കുന്ന ടാലി സോഫ്റ്റ്വേർ ഒരു കംപ്യൂട്ടറിൽ മാറ്റംവരുത്താനായി നികുതിയടക്കം 4248 രൂപ ഈടാക്കുന്നുവെന്നാണു വ്യാപാരികൾ പറയുന്നത്. 3,600 രൂപയും 648 രൂപ ജിഎസ്ടിയുമാണ് ഈടാക്കുന്നത്. മറ്റ് സോഫ്റ്റ്വേർ കമ്പനികൾ 1,500 രൂപ മുതൽ ഈടാക്കുന്നുണ്ട്.
സെസ് പിരിവ് കഴിഞ്ഞാൽ വീണ്ടും സോഫ്റ്റ്വേറിൽ മാറ്റം വരുത്തേണ്ടിവരും. അപ്പോഴും പണം നഷ്ടപ്പെടും. ഫലത്തിൽ സെസ് പിരിവിന്റെ അധിക ഗുണം സോഫ്റ്റ്വേർ കമ്പനികൾക്കാണു ലഭിക്കുക. പ്രളയസെസ് ഈടാക്കാനുള്ള മാറ്റങ്ങള്‍ ബില്ലിംഗ് സോഫ്റ്റ്വേറുകളില്‍ വരുത്താന്‍ നികുതി വകുപ്പ് വ്യാപാരികളോടു നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു.