ചെങ്ങന്നൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വൈകാതെ മൂവായിരം കോടിയിൽ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രളയാനന്തരമുള്ള ഏതു പദ്ധതിയും ഇതിലൂടെ ഏറ്റെടുക്കാം. മുടക്കിയ പണം എന്തുചെയ്തു എന്നറിയാൻ പോർട്ടലിൽ സംവിധാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസത്തിനുള്ളിൽ രണ്ടായിരം വീടുകളുടെ പണി പൂർത്തിയാക്കും.
പ്രളായനന്തര പുനർനിർമാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ ’കെയർ ഹോം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരിൽ നിർവഹിച്ചു സംസാരിവേയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. കേരളത്തിന്റെ പ്രളയാനന്തര പുനർനിർമാണം സർക്കാർ സമയബന്ധിതമായി പൂർത്തിയാക്കും. പുറമേ നിന്നും സഹായിക്കാൻ സ്വയമേവ ആരെങ്കിലും സന്നദ്ധരായാൽ അതു സ്വീകരിക്കാൻ നിയമതടസമില്ല.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇങ്ങനെ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിനു കിട്ടേണ്ട സഹായം എന്തുകൊണ്ട് ലഭിക്കാതാക്കി എന്നത് വ്യക്തമല്ല.യുഎഇയിൽ നിന്ന് 700 കോടി കേരളത്തിന് നൽകാൻ സന്നദ്ധത അറിയിച്ചതാണ്. കേന്ദ്രം അത് പരിഗണിച്ചില്ല. ഇതുവഴി സമാന മനസുള്ളവരുടെ കോടികളാണ് കേരളത്തിനു നഷ്ടമായത്.
ഇന്ത്യയ്ക്കു പുറത്തുള്ള, കേരളത്തെ സഹായിക്കാൻ സ·നസുള്ള കേരളീയരെ സമീപിക്കാൻ ശ്രമിച്ചപ്പോൾ മുഖ്യമന്ത്രിക്കു മാത്രമാണ് അനുമതി ലഭിച്ചത് . ഇക്കാര്യത്തിൽ വാക്കു പാലിക്കപ്പെട്ടില്ല എന്നതാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞുസഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
മന്ത്രി പി. തിലോത്തമൻ, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ സജി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു. കൊഴുവല്ലൂർ കിഴക്കേകുളേത്ത് കെ.കെ. രവിയ്ക്ക് വീടിന്റെ മാതൃക മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.
ജില്ല കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ജീവനക്കാരിൽ നിന്ന് ശേഖരിച്ച ഒരു മാസത്തെ ശന്പളമായ എണ്പത്തിനാല് ലക്ഷത്തി നാൽപ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചടങ്ങിൽ കൈമാറി.