സ്വന്തം ലേഖകന്‍
കോഴിക്കോട്: പ്രളയബാധിതര്‍ക്ക് അടിയന്തരസഹായധനമായി പ്രഖ്യാപിച്ച പതിനായിരം രൂപയില്‍ രാഷ്ട്രീയക്കളി. ഗ്രാമപ്രദേശങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാരുടെ ഇടപെടലുകളാണ് അനര്‍ഹര്‍ ലിസ്റ്റില്‍ തിരുകിക്കയറ്റാന്‍ കാരണമാകുന്നത്. പ്രളയം കഴിഞ്ഞ് മൂന്നാഴ്ചയാകാറായിട്ടും ഇതുവരെ പലരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ പണം എത്തിയിട്ടില്ല.
ഉദ്യോഗസ്ഥര്‍ വന്ന് വിവരങ്ങള്‍ ശേഖരിച്ചെങ്കിലും തുടര്‍നടപടികളായിട്ടില്ല. ഇപ്പോഴും കൂടുതല്‍ പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമവും നടത്തുന്നു. രണ്ടോ അതിലധികമാ ദിവസം വെള്ളം കെട്ടിനിന്നതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ വീടുകള്‍ക്കാണ് നഷ്ടപരിഹാരമായി പതിനായിരം രൂപ ലഭിക്കുക.
ഇത് ഏഴിനകം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചത്. എന്നാല്‍ പ്രദേശിക രാഷ്ട്രീയസമ്മര്‍ദ്ദം അതിരുകടന്നേതാടെ പലയിടത്തും രണ്ടാമതും സര്‍വേ നടത്തേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥര്‍. കോഴിക്കോട് ജില്ലയില്‍ കാരശ്ശേരി, ഒളവണ്ണ, കുന്ദമംഗലം പഞ്ചായത്തുകളില്‍ ഇതാണ് അവസ്ഥ. പലയിടത്തും മെമ്പര്‍മാരെ “നേരില്‍’ കണ്ടാല്‍ ലിസ്റ്റില്‍ കയറി കുടാമെന്ന സ്ഥിതി വിശേഷമാണുള്ളത്.
മെമ്പര്‍മാര്‍ മുഖേനയാണ് നഷ്ടപരിഹാരത്തിന് അര്‍ഹരായവരുടെ ലിസ്റ്റുകള്‍ വില്ലേജ് ഓഫീസുകളില്‍ എത്തുന്നത്. ദുരിതബാധിതര്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയാണ് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ അതാത് വാര്‍ഡ് മെമ്പര്‍മാര്‍ക്ക് നല്കിയാല് മതിയെന്ന് അധികൃതര്‍ നിര്‍ദേശിച്ചത്.
എന്നാല്‍ അനര്‍ഹരായവര്‍ കയറിപ്പറ്റിയതോടെ പ്രളയബാധിതരുടെ എണ്ണം കൂടുതലായി. ഇതോടെ വീണ്ടും പരിശോധന നടത്താനാണ് തീരുമാനം.സര്‍ക്കാരിന് അടിയന്തര സഹായധനം വിതരണം ചെയ്യാന്‍ കഴിയാതായതോടെ കോണ്‍ഗ്രസ്, ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.
തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ മുസ്ലിം ലീഗും പ്രതിഷേധവുമായി രംഗത്തെത്തി. കുന്നമംഗലം വില്ലേജില്‍ മാത്രംപ്രളയത്തില് വീടുകള്‍ വെള്ളത്തിലായ പകുതിപേര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര സഹായം ലഭിച്ചില്ലെന്നു പരാതിയുണ്ട്.
കാരന്തൂര്‍, പാറക്കടവ്, എട്ടക്കുണ്ട്, മണ്ടാള്‍, ഇടക്കുനിതാഴം, ചെത്തുകടവ് ഭാഗങ്ങളിലെ 150 കുടുംബങ്ങളാണ് റവന്യു വകുപ്പിന്റെ ലിസ്റ്റില്‍നിന്നു പുറത്തായത്. കുന്നമംഗലം പഞ്ചായത്തിലെ 21-ാം വാര്‍ഡിലുള്‍പ്പെട്ട കാരന്തൂര്‍ ഭാഗത്ത് പൂനൂര് പുഴ കരകവിഞ്ഞ് നാനൂറോളം വീടുകള്‍ വെള്ളത്തിലായിരുന്നു.